തിരുവനന്തപുരം: രാജ്യം കാൽകീഴിലാക്കാനുള്ള സംഘപരിവാർ മോഹങ്ങൾക്കേറ്റ തിരിച്ചടിയാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരണത്തിൽ നിന്ന് കുതറി മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ വികാരത്തിെൻറ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലമെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചെതന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു.
അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീർണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതൽ വലിയ നാശത്തിലേക്കു പോകുന്ന കോൺഗ്രസ്സിെൻറ ദയനീയമായ ചിത്രവും ഈ ഫലങ്ങളിൽ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യു പിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
ബി ജെ പി ഭരണത്തിൽ നിന്ന് കുതറി മാറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണ് കനത്ത തോല്‍വി ഉണ്ടായത്. മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ചുവട്ടം ജയിച്ച ഗോരഖ്പുരില്‍ സമാജ്വാദി പാര്‍ടി 21,881 വോട്ടിനാണ്ജയിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരില്‍ സമാജ്വാദി പാര്‍ട്ടി 59,613 വോട്ടിന് ബിജെപിയെ തോല്‍പ്പിച്ചു. ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാരിന്‍റെ പതനം തുടങ്ങിയെന്ന് പറയാനാവുന്നത്.
എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണ് ബിജെപിയെ തറപറ്റിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്നു. അന്ന് ദയനീയ പരാജയമാണ് ആ സഖ്യം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് മത്സരിക്കാന്‍ 105 സീറ്റു നല്‍കി സഖ്യമുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി അന്ന് ഭരണത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. ഇന്ന് കോണ്‍ഗ്രസ്സ് യു പി യില്‍ അതിലും ദയനീയമായ നിലയിൽ എത്തിയിരിക്കുന്നു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുരില്‍ കോണ്‍ഗ്രസിന് 4.39 % വോട്ടുകിട്ടിയിടത്ത് ഇപ്പോള്‍ 2.02 ശതമാനമാണ്. ഫൂല്‍പുരില്‍ 6.05ല്‍ നിന്ന് 2.65 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ്സ് ചുരുങ്ങിയത്. അറുപതു ശതമാനമാണ് വോട്ടു ചോര്‍ച്ച. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുകയാണുണ്ടായത്.
ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസ്സിനോടുള്ള വിപ്രതിപത്തിയുമാണ് യു പിയില്‍ ഒരേ സമയം പ്രകടമായത്. വര്‍ഗീയതയോടും ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണത്.
അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീർണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതൽ വലിയ നാശത്തിലേക്കു പോകുന്ന കോൺഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളിൽ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യു പിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നത്.
ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്‍റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസ്സിന് എതിരുമാണ്. യു പി യില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.