കാസർകോട്: മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചിക്കാരനും കടൽക്കൊള്ളക്കാർ തടവിലാക്കിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്.
കഴിഞ്ഞ 17ന് രാത്രിയാണ് കപ്പൽ റാഞ്ചിയതെന്ന് പനാമയിലെ ‘വിറ്റൂ റിവർ’ കപ്പൽ കമ്പനി 18ന് ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചു. മൊത്തം 18 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ ഏഴ് ഇന്ത്യക്കാരടക്കം 10 പേരെയാണ് തടവിലാക്കിയിട്ടുള്ളത്. കപ്പലും ബാക്കി ജീവനക്കാരും റാഞ്ചിയ കടൽ ഭാഗത്തുതന്നെയുണ്ടെന്നാണ് വിവരം.
മുംബൈ ആസ്ഥാനമായ മേരിടെക്ക് ടാങ്കർ മാനേജുമെന്റിന്റേതാണ് കപ്പൽ ചരക്ക്. റാഞ്ചിയവരുമായി കപ്പൽ കമ്പനി ചർച്ച നടത്തുന്നുണ്ട്. ബന്ദികൾ സുരക്ഷിതരാണെന്നാണ് വിവരം. പ്രശ്‌നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് രജീന്ദ്രന്റെ ബന്ധുക്കൾ കേന്ദ്ര വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, എം.പിമാർ എന്നിവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.