തൊടുപുഴ: യു.ഡി.എഫിൽനിന്ന് പുറത്താക്കിയ ജോസ് കെ. മാണി നല്ല കുട്ടിയായി വന്നാൽ തിരിച്ചെടുക്കാമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അർഹതയില്ല എന്നാണ് യു.ഡി.എഫ് തീരുമാനം. മുന്നണി തീരുമാനം പാലിക്കാൻ അവർ ബാധ്യസ്ഥരായിരുന്നു.
ജോസ് പുറത്തുപോയത് വേറെ ചില ധാരണകൾക്ക് വേണ്ടി. ജോസ് വിഭാഗത്തിൽനിന്ന് ഇന്നും ഒരുപാടുപേർ രാജിവെച്ച് വരും. അവിടെനിന്ന് ഒഴുക്ക് തുടരുകയാണ്. യാതൊരുവിധ ചർച്ചക്കുമില്ലെന്നാണ് ജോസ് കെ. മാണിയുടെ തീരുമാനം. കേരള കോൺഗ്രസിെൻറ ഭരണഘടനയിൽ ചെയർമാന് തുല്യമാണ് വർക്കിങ് ചെയർമാൻ എന്ന് മാണി സാർ രേഖപ്പെടുത്തിയിട്ടുണ്ട്. അത് അംഗീകരിക്കാൻ തയാറാകാത്തതാണ് പ്രശ്നമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയത്. കോട്ടയം ജില്ല പ്രസിഡൻറ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.ഡി.എഫ് തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് നടപടി.
യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.
തുടർന്ന് നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ് വിഭാഗവും ജോസഫ് വിഭാഗവും ഭരണം പങ്കിടണമെന്ന് യു.ഡി.എഫ് ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ, ജോസ് വിഭാഗം രാജിവെക്കാൻ തയാറാവാത്തതിനാൽ ജോസഫ് വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പലതവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ് വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ് ജോസ് വിഭാഗം പറയുന്നത്. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന് വഴങ്ങാതായതോടെയാണ് യു.ഡി.എഫ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.