കോഴിക്കോട്: കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‍കാരത്തിനെതിരെ വിവാദമുയർന്നതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്ലാംഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് കലോത്സവവേദിയിൽ നടന്നത്. ഇത് നടക്കുമ്പോൾ തിരിഞ്ഞുനിന്ന് അതിനെതിരെ ചോദിക്കാൻ ആരുമുണ്ടായില്ലെന്ന് അബ്ദുറബ്ബ് പറഞ്ഞു.
കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓർമ്മപ്പെടുത്തി 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്'. കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരുംനിർത്താതെ കയ്യടിച്ചു.
രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂൾ യുവജനോത്സവമാണ് വേദി. മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുന്നിൽവെച്ചാണ് മുസ്ലിം വേഷധാരിയായ ആളെ ഭീകരവാദിയായി ചിത്രീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിലെദൃശ്യാവിഷ്കാരത്തിനെതിരെയാണ് വിമർശനം. കലോത്സവത്തിലെ ഏറ്റവും ആകർഷക ഇനങ്ങളിൽ ഒന്നായ സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവതരണത്തിലാണ് ഇത്തവണ കല്ലുകടി. കവി പി.കെ ഗോപിയുടെ വരികൾക്ക് കെ. സുരേന്ദ്രൻ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്.
മത സൗഹാർദവും മാനുഷികതയും ഊന്നിപ്പറയുന്ന ഗാനത്തിൽ കോഴിക്കോടിന്റെ മഹിത പാരമ്പര്യവും ഇഴചേർത്തിട്ടുണ്ട്. എന്നാൽ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തിൽ ഇന്ത്യൻ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചതിനെതിരെയാണ് രൂക്ഷമായ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.