കോഴിക്കോട്: സംസ്ഥാനത്ത് തുടങ്ങിയെന്ന് സർക്കാർ അവകാശപ്പെടുന്ന സംരംഭങ്ങളുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. മന്ത്രി പറയുന്ന പഞ്ചായത്തിലോ നഗരസഭയിലോ എവിടെ വേണമെങ്കിലും പരിശോധന നടത്താമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി പി. രാജീവ് പൊതുജനത്തോട് മാപ്പുപറയണം. സംരംഭങ്ങളുമായി ബന്ധപ്പെട്ട കള്ള പ്രചാരണത്തിനു ചെലവഴിച്ച തുക മന്ത്രിയിൽനിന്ന് ഈടാക്കണം. സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും ഫിറോസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കനുസരിച്ച് കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിൽ 206 തൊഴിൽ സംരംഭങ്ങളാണ് പുതുതായി ആരംഭിച്ചത്. ഇതിൽ 146 എണ്ണവും വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതാണ്. മലപ്പുറം നഗരസഭയിലെ സംരംഭങ്ങളിൽ 80 ശതമാനവും വർഷങ്ങളായി പ്രവർത്തിക്കുന്നതാണ്. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനുള്ള സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രി തയാറാകണം.
മുസ്ലിം ലീഗിന്റെ പോഷകസംഘടനകളിൽ 20 ശതമാനം ഭാരവാഹിത്വം വനിതകൾക്ക് നൽകും. ഈ വിഷയത്തിൽ മഞ്ചേരിയിൽ ചേർന്ന ലീഗ് യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ പി. ഇസ്മായിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.