സമസ്ത: ലീഗിനെതിരെ പ്രചാരണം നടത്തിയത് ചെറിയ ഒരു ന്യൂനപക്ഷം; സമസ്തക്കോ പണ്ഡിതന്മാർക്കോ പങ്കില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഷ്ട്രീയ എതിരാളികളും സമസ്തയിലെ ചെറിയ ഒരു ന്യൂനപക്ഷവും മാത്രമേ മുസ്‍ലിം ലീഗിനെതിരെ പ്രചാരണം നടത്തിയിട്ടുള്ളൂ എന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതല്ലാതെ സമസ്തക്കോ അതിലെ പണ്ഡിതന്മാർക്കോ ഈ കാര്യത്തിൽ പങ്കില്ല. ഇലക്ഷൻ സമയത്ത് വാട്സാപ്പിലൂടെ ചില കുബുദ്ധികൾ വാർത്തയുണ്ടാക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ -അദ്ദേഹം പറഞ്ഞു.

തൃശൂരിലെ പരാജയം ആഴത്തിൽ പരിശോധിക്കണം. ചില മേഖലകളിൽ സി.പി.എം വോട്ടും യു.ഡി.എഫ് വോട്ടും ബി.ജെ.പിക്ക് പോകുന്നത് മുന്നണികൾ പരിശോധിക്കണം. കെ. മുരളീധരൻ ഒരു ഫൈറ്ററാണ്. ചില ഫൈറ്റ് വിജയിക്കും. ചിലത് പരാജയപ്പെടും. വടകരയിൽ ഇറക്കിയപ്പോൾ ഫൈറ്റ് ചെയ്ത് വിജയിച്ചു -അ​ദ്ദേഹം പറഞ്ഞു.

സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് പ്രാഥമിക വിലയിരുത്തലിൽ മനസിലാവുന്നത്. ഇ.ടി മുഹമ്മദ് ബഷീർ 2019 ൽ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 റെക്കോർഡ് ലീഡ് കടന്ന് 3,00,118 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. പൊന്നാനിയിൽ 2,35,760 വോട്ടിന്റെ ഭൂരിപക്ഷം ലീഡാണ് സമദാനി പിന്നിട്ടത്. 2019ൽ ഇ.ടി പൊന്നാനിയിൽ നേടിയ 1,93,273 വോട്ടിന്റെ ഭൂരിപക്ഷവും കടന്നാണ് സമദാനിയുടെ തേരോട്ടം. നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് തോറ്റിടത്തെല്ലാം ലോക്സഭയിൽ വമ്പിച്ച ലീഡാണ് ലീഗ് നേടുന്നത്. ഫിറോസിനെ തോൽപിച്ചത് സമസ്തയാണെന്ന് പ്രചാരണമുണ്ടായിരുന്നു.

സമസ്ത-ലീഗ് വിള്ളൽ മുതലെടുക്കാൻ മലപ്പുറത്ത് സി.പി.എമ്മിന് സാധിച്ചില്ല. മലപ്പുറത്തിന് പുറത്ത് ലീഗിന് സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നും സമസ്തപ്രശ്നം പ്രതിഫലിച്ചില്ലെന്നാണ് ഫലസൂചനകൾ. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ മലപ്പുറം ജില്ലയിൽ ഉരുണ്ടുകൂടിയ രോഷം ഈ ഘട്ടത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുക എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ആഹ്ലാദപ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും അതിരുവിടരുതെന്നും പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പ്രത്യേകം പ്രസ്താവന നടത്തിയിട്ടുണ്ട്.

മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും, പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ.എസ്. ഹംസയുമാണ് മത്സരിച്ചത്. ഹംസ സമസ്തയുടെ സ്ഥാനാർഥിയാണ് എന്ന നിലയിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്.

Tags:    
News Summary - pk kunhalikutty about samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.