മലപ്പുറം: ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് അനുപാതം 80:20 എന്ന് നിശ്ചയിച്ചത് ഇടതു സർക്കാറിന് സംഭവിച്ച അബദ്ധമാണെന്നും അതാണ് കോടതി റദ്ദാക്കിയതെന്നും മുസ്ലിം ലീഗ്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ലീഗ് ഹൗസിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലാണ് ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇക്കാര്യം അറിയിച്ചത്.
സച്ചാർ കമീഷൻ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട കമീഷനാണ്. പട്ടിക വിഭാഗങ്ങളെക്കാൾ പിന്നിലാണ് മുസ്ലിംകളെന്ന് കണ്ടെത്തിയത് കമീഷനാണ്. ഇതിെൻറ ചുവട് പിടിച്ചാണ് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് സ്കോളർഷിപ്പ് കൊണ്ടുവന്നത്. സർക്കാർ ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവുകളിലെല്ലാം ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, ഈ സ്കോളർഷിപ്പ് ആനുകൂല്യങ്ങളിൽ ക്രൈസ്തവ വിഭാഗത്തെ കൂടി ചേർത്ത് 80:20 അനുപാതമാക്കി ഉത്തരവിറക്കിയത് 2011ലെ അച്യുതാനന്ദൻ സർക്കാറാണ്.
പാലോളി കമീഷനാണ് ഈ അനുപാതം നിശ്ചയിച്ചത്. ഇത് യു.ഡി.എഫ് കൊണ്ടുവന്നതാണെന്ന പ്രചാരണം തെറ്റാണ്. 2011 ജനുവരിയിലാണ് ഉത്തരവിറങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറുന്നത് 2011 ജൂണിലാണ്. വസ്തുതകൾ ഇതാണ്. ഇത് കോടതിയിൽ അവതരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മുൻമന്ത്രിമാരുടെ പ്രസ്താവനകൾ നുണയാണ്. തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. എല്ലാ പഴിയും ലീഗിന്റെ തലയിടാനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി കൊണ്ടുവരികയാണ് വേണ്ടതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.