കോട്ടയം: പുതിയ ബജറ്റ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മദ്യത്തിൽ നിന്നും വരുമാനമുണ്ടാക്കാൻ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ‘കോൾഡ് സ്റ്റോറേജിൽ’. ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുമെന്നതായിരുന്നു ഈ പ്രഖ്യാപനങ്ങളിൽ പ്രധാനം. എന്നാൽ അതൊന്നും ഫലംകണ്ടില്ല. വീര്യം കുറഞ്ഞ മദ്യം ഉൽപാദനം, സ്പിരിറ്റ് ഉൽപാദനം, ബിവറേജസ് ഔട്ട്ലെറ്റുകളുടെ നവീകരണം തുടങ്ങി കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകൾ പരിശോധിച്ചാൽ പ്രഖ്യാപിച്ച ഭൂരിപക്ഷം കാര്യങ്ങളും ബജറ്റ് പുസ്തകങ്ങളിലൊതുങ്ങി. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ടെന്നാണ്സൂചന.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ഖജനാവിലേക്ക് മികച്ച വരുമാനമാണ് മദ്യത്തിലൂടെ ലഭിക്കുന്നത്. ആ വരുമാനം വർധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രഖ്യാപനങ്ങളാണ് ജലരേഖയായത്. അതിൽ പ്രധാനപ്പെട്ടതാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ഐ.ടി, ടെക്നോ പാർക്കുകളിൽ മദ്യശാല അനുവദിക്കുമെന്ന പ്രഖ്യാപനം. എന്നാൽ കാലം ഇത്ര കഴിഞ്ഞിട്ടും അതിനുള്ള മാനദണ്ഡങ്ങൾ പോലും തയാറാക്കാനായില്ല. ഇപ്പോഴും വിഷയം നിയമസഭാസമിതിയുടെ പരിഗണനയിലാണെന്നാണ് വിവരം. അതിന് പുറമെയാണ് വ്യവസായ പാർക്കുകളിലും മദ്യശാലകൾ അനുവദിക്കുമെന്ന പ്രഖ്യാപനവും. അതിന് പുറമെയാണ് പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനവും. മരിച്ചീനിയിൽ നിന്നുള്ള സ്പിരിറ്റ് ഉൽപാദനവും.
എന്നാൽ ഇതും പ്രഖ്യാപനങ്ങളായി തുടരുകയാണ്. കശുമാങ്ങയുടെ ദൗർലഭ്യമാണ് പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യോൽപാദനത്തിന്തടസമായി ചൂണ്ടിക്കാട്ടുന്നത്. മരിച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉൽപാദിപ്പിക്കുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലും വന്നിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ സ്പിരിറ്റ് ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനവും എങ്ങും എത്തിയില്ലെന്നതും മറ്റൊരു സത്യം. കഴിഞ്ഞവർഷം 18,515 കോടി രൂപയാണ്മദ്യവിൽപനയിലൂടെ ഖജനാവിലെത്തിയതെന്നാണ് കണക്ക്. ഇതിൽ 16,000 കോടി നികുതിയായി ലഭിച്ചെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ മദ്യത്തിലൂടെ വരുമാനം കൂട്ടാൻ നടത്തിയ ശ്രമങ്ങൾ വെറും പ്രഖ്യാപനങ്ങളായി തുടരുകയാണ്. അതിന് പുറമെയാണ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രഖ്യാപിച്ച മദ്യവിൽപന ഔട്ട്ലെറ്റുകളുടെ നവീകരണം എങ്ങും എത്താത്ത സ്ഥിതിയും. ബ്രൂവറി, ഡിസ്റ്റലറി പ്രഖ്യാപനങ്ങളും വിവാദത്തിൽ മുങ്ങിപ്പോയെന്നത് മറ്റൊരു വസ്തുതയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.