ഹരിപ്പാട്: ജലാശയങ്ങളെ ശ്വാസംമുട്ടിച്ച് തിങ്ങിനിറയുകയാണ് കുളവാഴകൾ. ദിനംപ്രതി പ്രശ്നത്തിന്റെ വ്യാപ്തി കൂടിവരുകയാണ്. പരിസ്ഥിതിക്കും കൃഷിക്കും ജനജീവിതത്തിനും ദുരിതം തീർക്കുന്ന തരത്തിലേക്ക് ഇത് മാറിയിട്ടും ഗൗരവമുള്ള വിഷയമായി അധികാരികൾ എടുത്തിട്ടില്ല. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ നെൽകൃഷിക്കും തീരദേശ പഞ്ചായത്തുകളിലും പോള ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തോടുകളും ആറുകളും കുളവാഴകൾകൊണ്ട് നിറഞ്ഞു. പ്രദേശവാസികളുടെ തൊഴിലടക്കം നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് തോടുകളും ജലാശയങ്ങളും. പോള നിറഞ്ഞതോടെ ജലാശയങ്ങൾ നാടിന് ശാപമായി മാറുന്ന സാഹചര്യമാണുള്ളത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം, കാർത്തിപ്പള്ളി, കരുവാറ്റ, പള്ളിപ്പാട്, ചേപ്പാട്, മുതുകുളം ചിങ്ങോലി പഞ്ചായത്തുകളിലെ ചെറുതുംവലുതുമായ തോടുകളാണ് പോളകൾ നിറഞ്ഞ് ദുരിതം തീർക്കുന്നത്.
പോളകൾ തിങ്ങിനിറയുന്നത് മൂലം നീരൊഴുക്ക് തടസ്സപ്പെട്ട് തോടുകൾ രോഗവാഹിനികളായി മാറുന്നു. കൊതുക് ശല്യവും വർധിച്ചു. ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. തോടരുകിൽ താമസിക്കുന്നവർക്ക് ഇതുമൂലം കടുത്തപ്രയാസം അനുഭവിക്കുന്നു. പോളമൂലം തോട്ടിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കർഷകരുടെയും മത്സ്യ-കക്ക-കയർ തൊഴിലാളികളുടെയും തൊഴിലിനെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. റോഡ് മാർഗമില്ലാത്ത സ്ഥലങ്ങളിൽ വള്ളങ്ങളാണ് ഏക ആശ്രയം. പോളശല്യം മൂലം ഇതിന് സാധിക്കുന്നില്ല. കൂടാതെ തോടുകളിലെ മത്സ്യബന്ധനം പൂർണമായും നിലച്ചു. ആറുകളുമായി ബന്ധപ്പെട്ട തോടുകളിലെ ജലം കുടിക്കുന്നതിന് ഒഴികെയുള്ള ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നു. പോളശല്യം മൂലം തോടുകൾ ഉപയോഗയോഗ്യമല്ല. ഓരുവെള്ളം കയറുന്ന സമയങ്ങളിൽ പോളകൾ അഴുകി തോട് വീണ്ടും മലിനമാകുന്നു.
കായലുകളിൽ തീരത്തോട് ചേർന്നാണ് പോളകൾ ഒഴുകിപ്പോകുന്നത്. തടസ്സമുണ്ടാകുന്ന ഭാഗങ്ങളിൽ പോളക്കൂട്ടങ്ങൾ അടിഞ്ഞ് വലിയ ദുരിതം തീർക്കുന്നു. കുളവാഴകൾ ചീഞ്ഞുനശിച്ചാലും വെള്ളത്തിൽനിന്ന് ഇവയുടെ അവശിഷ്ടങ്ങൾ പൂർണമായും നീങ്ങുന്നതിന് മാസങ്ങളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പായൽ ചീഞ്ഞ് താഴുന്നത് വെള്ളം മലിനമാകാനും അതുമൂലം മത്സ്യം നശിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. വെള്ളത്തിനടിയിലേക്ക് പൂർണമായും പോകാതെ വെള്ളത്തിന്റെ മധ്യഭാഗത്തായാണ് ഇവ കിടക്കുന്നത്. പായൽ ഒഴിഞ്ഞെന്നുകരുതി വലവിരിച്ചാൽ വല വെള്ളത്തിനടിയിലേക്ക് പോകാത്ത സാഹചര്യമാണുള്ളത്.
ജലാശയങ്ങളിൽ തിങ്ങിനിറയുന്ന പൂർണമായി നിർമാർജനം ചെയ്യുക സാധ്യമല്ല. നിയന്ത്രണവും സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഏക പരിഹാരം.
പോള പ്രശ്നം ഭരണകൂടം ഗൗരവത്തിൽ എടുക്കാത്തതിനാൽ ഇക്കാര്യത്തിൽ കാര്യമായ പദ്ധതിയോ പരിഹാരമോ ഉണ്ടായിട്ടില്ല. ആവിഷ്കരിക്കുന്ന പദ്ധതികൾ ആകട്ടെ പ്രഹസനമായി മാറുന്നതിനാൽ ലക്ഷ്യംകാണാതെ പോകുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി പോളനീക്കുന്ന പ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ല. ജനകീയ കൂട്ടായ്മകളാണ് പലസ്ഥലങ്ങളിലും പോളകളുടെ നിയന്ത്രണത്തിന് ഇടപെടൽ നടത്തുന്നത്.
മുമ്പ് കുട്ടനാട് പാക്കേജിൽപെടുത്തി പോള നിയന്ത്രണത്തിനായി കോടികൾ ചെലവഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
പോളകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ നിയന്ത്രണം കുറെയൊക്കെ സാധ്യമാക്കാം. ഝാർഖണ്ഡും നേപ്പാളുമൊക്കെ കുളവാഴയുടെ മൂല്യവർധിത സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്തുന്നു. ജൈവവളം മുതൽ കരകൗശല വസ്തുക്കൾ വരെ പോളകൾ കൊണ്ട് നിർമിക്കാൻ കഴിയും.
പായലും പോളകളും കൃഷിക്ക് അനുയോജ്യമാക്കാനുള്ള പഠന ഗവേഷണങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ജലോപരിതലത്തിൽ ചങ്ങാടമുണ്ടാക്കി അതിൽ പായൽ നിറച്ച് വിവിധ ജൈവവളങ്ങൾ സംയോജിപ്പിച്ച് ഈ ചങ്ങാടത്തിൽ പച്ചക്കറി കൃഷി വിളയിക്കുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. പല പഞ്ചായത്തുകളും കുളവാഴകളുടെ മൂല്യവർധിത സാധ്യത വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ ഏകോപനമുണ്ടെങ്കിൽ പോളകളുടെ സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമാന അവസ്ഥയായിരുന്നു ഒരുകാലത്ത് കേരളത്തിൽ ചകിരിച്ചോറിന്റേത്. കയർ പിരിക്കാൻ തൊണ്ടുയന്ത്രത്തിൽ തല്ലുമ്പോൾ ചകിരിയും ചകിരച്ചോറുമാണ് വേർതിരിയുന്നത്. ഇതിൽ ചകിരിമാത്രം ഉപയോഗിക്കുകയും ചകിരിച്ചോർ ഒന്നിനും കൊള്ളാത്ത വസ്തുവായിക്കണ്ട് ജലാശയങ്ങളിൽ ഉപേക്ഷിക്കുകയാണ് പണ്ട് ചെയ്തിരുന്നത്.
ജലാശയങ്ങൾ എല്ലാം ഇതുമൂലം മലിനപ്പെട്ടിരുന്നു. കാലങ്ങൾക്കുശേഷം ചകിരിച്ചോർ സംസ്കരിച്ച് കൃഷിക്കും മറ്റ് പല ഉൽപന്നങ്ങൾ നിർമിക്കാനും ഉപയോപ്പെടുത്താമെന്ന് തമിഴന്മാർ കണ്ടെത്തിയതോടെ ചകിരിച്ചോറിന്റെ രാശി തെളിഞ്ഞു.
ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറെല്ലാം കയറിപ്പോയി. ഇന്ന് ആവശ്യക്കാർ ഏറെയാണെങ്കിലും ചകിരിച്ചോർ കിട്ടാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.