മലപ്പുറം: കോവിഡ് ഭീഷണി ഒഴിഞ്ഞില്ലെങ്കിലും ജില്ലയിലെ കളിക്കളങ്ങൾ സാധാരണനിലയിലേക്ക്. ലോക്ഡൗണിനെ തുടർന്ന് ആറു മാസത്തിലധികം അടച്ചിട്ട ടർഫ് മൈതാനങ്ങൾ കുറെ നാളായി പ്രവർത്തിക്കുന്നുണ്ട്. അസോസിയേഷൻ ഫുട്ബാൾ ലീഗുകളും സെവൻസ് സീസണും ആരംഭിച്ചിട്ടില്ലെങ്കിലും ക്ലബുകൾ സ്വന്തംനിലക്ക് മത്സരങ്ങളുമായി സജീവമാണ്. അതേസമയം, അധ്യയനം പൂർണതോതിൽ ആരംഭിക്കാത്തതിനാൽ സ്കൂൾ മൈതാനങ്ങൾ ഇപ്പോഴും ആളനക്കമില്ലാതെ കിടക്കുന്നു.
ഒറ്റരാത്രിയിൽ തീരുന്ന ലീഗാണ് ടർഫ് മൈതാനങ്ങളിൽ ഇപ്പോൾ പ്രധാന ആകർഷണം. അരമണിക്കൂർ നീളുന്ന ഫൈവ്സ് മത്സരങ്ങളാണ് നടത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് മോഡലിൽ താരലേലം നടത്തി ടീമുകളുണ്ടാക്കുന്നു. ഓരോ ടീമിനും സ്പോൺസർമാരുണ്ടാവും. പ്രമുഖരെ ഐക്കൺ താരങ്ങളായി ഇറക്കുന്നവരുമുണ്ട്. വിവിധ ജഴ്സികളിൽ കളത്തിലിറങ്ങുന്ന ടീമുകൾ പ്രാഥമിക റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. തുടർന്ന് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ നടക്കും. ചില ക്ലബുകളുടെ നേതൃത്വത്തിൽ വലിയ ഗ്രൗണ്ടുകളിൽ ഫ്ലഡ്ലിറ്റിൽ സെവൻസ് ടൂർണമെൻറുകളും തുടങ്ങിയിട്ടുണ്ട്. മത്സരങ്ങൾ സജീവമായതോടെ ജഴ്സികൾക്കും ആവശ്യക്കാരേറി.
സ്കൂൾ ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങൾ കോവിഡ് ഭീഷണിയിൽ ഇത്തവണ ഉപേക്ഷിച്ചു. സാധാരണ സെപ്റ്റംബർ മുതൽ ജനുവരിവരെ കായികാധ്യാപകരും താരങ്ങളും ഇതിെൻറ തിരക്കിലാവും.
ഇക്കുറി സ്കൂളുകൾ അടഞ്ഞുകിടന്നതോടെ ട്രാക്കും ഫീൽഡും വരണ്ടുണങ്ങി. അതേസമയം, കേരള അത്ലറ്റിക്സ് അസോസിയേഷെൻറ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താരങ്ങൾ പരിശീലനം തുടങ്ങിയിട്ടുണ്ട്. കായികോത്സവങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾ ജനുവരി 17 മുതൽ 19വരെ തേഞ്ഞിപ്പലത്ത് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിനായി അത്ലറ്റുകളെ ഒരുക്കുന്ന തിരക്കിലാണ്.
സ്പോർട്സ് അക്കാദമികളും പരിശീലനവുമായി മുന്നോട്ടുപോകുന്നു. ജില്ലതല സെലക്ഷൻ പൂർത്തിയായി. സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സംസ്ഥാനതല ട്രയൽസിൽനിന്നാണ് ഫെബ്രുവരിയിൽ ഗുവാഹതി വേദിയാവുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് കേരള ടീമിനെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.