സിൽവർ ലൈൻ പിൻമാറ്റം വൈകി ഉദിച്ച ​വിവേകമെന്ന് പിഎംഎ സലാം

സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്ന നടപടി വൈകി ഉദിച്ച വിവേകമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരെ തിരിച്ചുവിളിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്. തിരികെ വിളിക്കുന്ന ഉദ്യോഗസ്ഥരെ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട സർക്കാറിന്‍റെ മറ്റ് പദ്ധതികളിലേക്ക് പുനർവിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 11 ലാൻഡ് അക്യുസിഷൻ യൂനിറ്റുകൾക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഓരോ യൂനിറ്റിലും 11 ഉദ്യോഗസ്ഥർ വീതം ഉണ്ടായിരുന്നു. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഏഴ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം എറണാകുളം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് യൂനിറ്റുകളുടെ കാലാവധി സർക്കാർ നീട്ടി നൽകിയിരുന്നു.

ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കാനും പുനർവിന്യസിക്കാനുമുള്ള സർക്കാറിന്‍റെ നിർണായക തീരുമാനത്തിന് പിന്നാലെ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കെ-റെയിൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നുമാണ് വാർത്തക്കുറിപ്പിൽ കെ-റെയിൽ വ്യക്തമാക്കിയത്.

Tags:    
News Summary - PMA salam comments on silver line project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.