കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ (പി.എൻ.ബി) വിവിധ അക്കൗണ്ടുകളിൽനിന്ന് കോഴിക്കോട് കോർപറേഷന്റെയടക്കം 10 കോടിയിലേറെ രൂപ തട്ടിയ സംഭവത്തിൽ പ്രതി രാജ്യം വിടാതിരിക്കാൻ പൊലീസ് നടപടി തുടങ്ങി. ബാങ്ക് മുൻ സീനിയർ മാനേജർ മലയമ്മ സ്വദേശി എം.പി. റിജിലിനായി ലുക്കൗട്ട് സർക്കുലർ ഉടൻ പുറപ്പെടുവിക്കും.
ഇയാൾ രാജ്യം വിട്ടതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നും കണ്ടെത്താനായിട്ടില്ല. പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുന്നത് പരിഗണനയിലാണെന്ന് കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണി പറഞ്ഞു. പ്രതിയുടെ പാസ്പോർട്ട് വിവരങ്ങളടക്കം ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപറേഷന്റെയടക്കം പത്തിലേറെ അക്കൗണ്ടുകളിൽനിന്ന് തട്ടിയെടുത്ത തുകയിൽ 10 കോടിലേറെ രൂപ ഇയാൾ വൻ ലാഭം പ്രതീക്ഷിച്ച് ഓഹരി വിപണിയിലും മറ്റുമാണ് നിക്ഷേപിച്ചത്. ഇതുസംബന്ധിച്ച ചില രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച ബാങ്കിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിൽനിന്ന് കസ്റ്റഡിയിലെടുത്ത പണ ഇടപാട് സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കോർപറേഷന്റെയടക്കം അക്കൗണ്ടുകളിൽനിന്ന് ഇയാൾ പണം പിതാവ് രവീന്ദ്രന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. പിന്നീട് ദിവസങ്ങൾക്കുശേഷം ചെറിയ ചെറിയ തുകകളായി ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അതിൽ നിന്നാണ് ഓഹരി വിപണിയിലേക്കടക്കം തുക കൈമാറിയത്. നിലവിൽ ഇയാളുടെ അക്കൗണ്ടിൽ 1000 രൂപയിൽ താഴെ മാത്രമേയുള്ളൂ. പ്രതി എരഞ്ഞിപ്പാലം ശാഖയിലേക്ക് മാറിയശേഷവും ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയതായും കണ്ടെത്തി. സീനിയർ മാനേജർമാർക്കുള്ള പ്രത്യേക അധികാരങ്ങൾ ദുരുപയോഗം ചെയ്ത് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരിമറി നടത്തിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി എട്ടിന് വിധിപറയും.
അതിനിടെ, കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് കഴിഞ്ഞ മാർച്ച് നാലിന് 13,50,0614.49 രൂപ അനുമതിയില്ലാതെ പിൻവലിച്ചതായി കണ്ടെത്തിയെന്നും ഇത് 24 മണിക്കൂറിനകം അക്കൗണ്ടിലേക്ക് തിരിച്ചിടണമെന്നും കാണിച്ച് സെക്രട്ടറി കെ.യു. ബിനി പി.എൻ.ബി മാനേജർക്ക് തിങ്കളാഴ്ച കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെ ബാങ്ക് കോർപറേഷന് പണം കൈമാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.