കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹിതരാകുന്നവരിൽ ഒരു കക്ഷി പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ നിയമം ബാധകമാകുമെന്ന് ഹൈകോടതി. പോക്‌സോ നിയമത്തിന്റെ പരിധിയില്‍നിന്ന് മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം ഒഴിവാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹംചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ജാമ്യഹരജിയിലാണ് ഉത്തരവ്. ഹരജി കോടതി തള്ളി.
ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് 16 വയസ്സ് തികഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കവിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് അറിയിച്ചതനുസരിച്ച് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഹരജിക്കാരൻ. മുസ്ലിം വ്യക്തിനിയമപ്രകാരം നടന്ന വിവാഹത്തിന് 18 വയസ്സില്‍ താഴെയും സാധ്യതയുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, ബാലവിവാഹ നിരോധന നിയമത്തിനുമേൽ വിവാഹവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണമുള്ള സാഹചര്യത്തിൽ വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തിന്റെ സാധ്യതയും സംശയകരമാണെന്ന് വിലയിരുത്തി.
വിവാഹത്തിന്റെ പേരിലായാലും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നും ബാലവിവാഹങ്ങള്‍ കുട്ടിയുടെ പൂര്‍ണവികാസത്തെ തടയുന്നതാണെന്നും അഭിപ്രായപ്പെട്ട കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.