മലപ്പുറം തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ, കൊണ്ടുവന്നത് ഒമാനിൽ നിന്ന്

അറസ്റ്റിലായ ഹൈദരലി, അസൈനാർ, കബീർ

മലപ്പുറം തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ, കൊണ്ടുവന്നത് ഒമാനിൽ നിന്ന്

തിരൂർ: രാസലഹരിയുമായി മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് പിടിയിലായത്. 141.58 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

മലപ്പുറം ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തിൽ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഒമാനിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നു. ഹൈദരലി ദിവസങ്ങൾക്കു മുൻപ് വിസിറ്റിങിനായി ഒമാനിൽ പോയിയിരുന്നു. മൂന്ന് ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പൊലീസിന്റെ വലയിലായത്.

ഒമാനിൽ നിന്ന് പാകിസ്താനിയായ വില്പനക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും പിടിയിലായ ഹൈദരലി പൊലീസിനോട് പറഞ്ഞു. കേരള വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപക്ക് വിൽക്കാനാണ് തയാറെടുത്തിരുന്നത്. ഒമാനിൽ നിന്നും ലഭിക്കുന്ന എം.ഡി.എം.എ ഏറ്റവും വീര്യം കൂടിയ ഇനമാണ് എന്നും ആയതിനു വളരെ അധികം ഡിമാൻഡ് ആണെന്നുമാണ് പിടികൂടിയ പ്രതികൾ പറയുന്നത്.

വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ സർക്കാറിന്റെ നിർദേശപ്രകാരം കേരള പൊലീസിന്റെ ഡി.ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഒരു മാസത്തോളമായി ജില്ലയിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ഓപറേഷന്റെ ഭാഗമായി തീരദേശ മേഖല ഉൾപ്പെടുന്ന പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആർ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, രാജേഷ് കെ ആർ, ബിനു,ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദിൽജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.


Tags:    
News Summary - Police conduct massive drug bust in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.