തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 10ാം ദിവസത്തിലേക്ക്. ചൊവ്വാഴ്ച ഉദ്യോഗാർഥികൾ റോഡിൽ കിടന്നും ശയന പ്രദക്ഷിണം നടത്തിയും അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ചു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുമുള്ള ആവശ്യം സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഉദ്യോഗാർഥികൾ. ഇതിനകം മന്ത്രിമാർ, എം.എൽ.എമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തുടങ്ങിയവരെ കണ്ട് വിവരം ധരിപ്പിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചിട്ടില്ല. സർക്കാർ നിസ്സംഗത തുടരുന്നതിനാൽ അടുത്തഘട്ടമായി നിരാഹാര സമരം ആരംഭിക്കും.
ആറ്റുകാൽ പൊങ്കാല ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കലയിടാനും ആലോചനയുണ്ട്. 13,975 പേർ ഏഴ് ബാറ്റാലിയനുകളിൽനിന്നായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 3019 മാത്രമാണ്. 2021 ഏപ്രിലിലാണ് പ്രാഥമിക പരീക്ഷ നടന്നത്. 2022ൽ മാർച്ചിൽ പ്രധാന പരീക്ഷയും ഒക്ടോബർ, നവംബർ മാസങ്ങളിൽ കായികക്ഷമതാ പരീക്ഷയും നടന്നു. 2023 ഏപ്രിൽ 13നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യാൻ നടപടി ഉണ്ടാകുന്നില്ല. വിവരാവകാശ അപേക്ഷകളിൽ കൃത്യമായ വിവരം നൽകാനും ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.