ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ പൊലീസ് വ്യാജ രേഖയുണ്ടാക്കി. ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി 10ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം.
വീട്ടിനുള്ളിൽ തൂങ്ങിമരിച്ച ഒരാളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനാണ് കോട്ടയം വെസ്റ്റ് പൊലീസ് കൊണ്ടുവന്നത്. മൃതദേഹം സൂക്ഷിക്കാവശ്യമായ ഫ്രീസർ ഒഴിവില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേത് അല്ലാതെ പുറത്തുനിന്നുള്ളവ സൂക്ഷിക്കാൻ ആശുപത്രി അധികൃതരുടെ അനുമതി വേണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു.
തുടർന്ന് ജീവനക്കാരൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. ജില്ല ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചശേഷം കോവിഡ് പരിശോധന ഫലവുമായി വെള്ളിയാഴ്ച എത്തിയാൽ മതിയെന്ന് അധികൃതർ പൊലീസിന് നിർദേശം നൽകി.
എന്നാൽ, പൊലീസ് മൃതദേഹം അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് വരുന്നതുവഴി മരണപ്പെട്ടതാണെന്ന് വരുത്തി അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസറെ കൊണ്ട് രേഖയുമുണ്ടാക്കി. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചുമതലക്കാരിയായ നഴ്സ് മോർച്ചറി ജീവനക്കാരനെ വിളിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൃതദേഹം ഉണ്ടെന്ന് അറിയിച്ചു. അപ്പോഴാണ് ഇവിടെ വെക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് വിട്ട സംഭവമാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ജീവനക്കാരൻ അത്യാഹിത വിഭാഗത്തിലെത്തി കൂടുതൽ ഉറപ്പുവരുത്തി. ഉടൻ തന്നെ മെഡിക്കൽ ഓഫിസർ മൃതദേഹം തിരികെ കൊണ്ടുപോകാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.