തിരുവനന്തപുരം: യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിൽ പൊലീസ് പരിശോധന. കാട്ടാക്കട എസ്.ഐ ശ്രീനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജിൽ പരിശോധന നടത്തുന്നത്.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധനിക്കുക. യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം, വിജയിച്ച വനിതാ പ്രതിനിധി രാജിവെച്ചോ, എസ്.എഫ്.ഐ നേതാവ് വൈശാഖിന്‍റെ പേര് പട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെ തുടങ്ങിയവയുടെ രേഖകളാണ് പരിശോധിക്കുക. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം മൊഴിയെടുക്കൽ അടക്കമുള്ള തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
ആള്‍മാറാട്ട കേസില്‍ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സര്‍വകലാശാല പുറത്താക്കിയിരുന്നു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്‍റ പേര് നൽകിയത്.
എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.യു.സിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ. വിശാഖ്.
യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിയിരുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് ഈ മാസം 26ന് നടക്കേണ്ട കേരള യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.