തൃശൂർ: പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശ പ്രകാരമാണ് പൂരം കലക്കലിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആറിൽ ആരുടെയും പേരില്ലാതെയാണ് കേസ്.
പൂരം കലക്കൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നേരത്തെ അന്വേഷണ ചുമതല ഏൽപിച്ചിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിന് അനുസൃതമായാകും പ്രതിപ്പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക. പൂരാഘോഷം തടസ്സപ്പെടുത്താൻ മനപൂർവം ശ്രമമുണ്ടായെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ക്രമസമാധാന ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സമർപ്പിച്ചിരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനായിരുന്നു എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് നിർദേശം നൽകിയിരുന്നത്. ഈ റിപ്പോർട്ടിൽ തിരുവമ്പാടി, പാറേമക്കാവ് ദേവസ്വങ്ങൾക്കെതിരെ പരാമർശമുണ്ടെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ ദേവസ്വങ്ങളെയടക്കം എഫ്.ഐ.ആറിൽ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തേണ്ടി വരും. ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.