പത്തനംതിട്ട: കഴിഞ്ഞ ദിവസം കൈത്തോക്കുമായി പത്തനംതിട്ട വെട്ടിപ്പുറത്തെ താമസ സ്ഥലത്തുനിന്ന് പിടിയിലായ ക്വട്ടേഷൻ സംഘാംഗം നൗഫലിനെ (31) ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് പൊലീസ്.ഇയാൾ തമിഴ്നാട്ടിൽ ഇരട്ടക്കൊലപാതകം നടത്തിയെന്ന് വ്യക്തമായി. ഏറ്റെടുത്ത് കൊലപാതകങ്ങൾ ഉൾപ്പെടെ ചെയ്യുന്ന സംഘാംഗമാണ് നൗഫൽ.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ ഭാഗമായി 2015 ആഗസ്റ്റ് 23ന് ഒരുവീട്ടിലെ രണ്ടുപേരെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊന്നെന്നാണ് വെളിപ്പെടുത്തിയത്. വെട്ടിക്കൊന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അങ്ങനെ പ്രചരിച്ചാൽ ജീവനെടുക്കുന്നതിന് ചങ്കൂറ്റമുള്ളവൻ എന്ന ഖ്യാതി കിട്ടുമെന്നും അത് കൂടുതൽ ക്വട്ടേഷനുകൾ ലഭിക്കാൻ ഇടയാക്കുമെന്നും നൗഫൽ വെളിപ്പെടുത്തി.
കേസിൽ എല്ലാ പ്രതികളെയും തമിഴ്നാട് പൊലീസ് അന്വേഷണ സംഘം പിടികൂടിയിരുന്നു. കുറെയേറെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും, കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു.2014 ൽ കഞ്ചാവ് കടത്തിയതിന് പത്തനംതിട്ടയിൽ ഇയാള്‍ പിടിയിലായിട്ടുണ്ട്.തമിഴ്നാട്ടിലുള്ള സംഘത്തിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി.
വീട്ടിൽ ജിംനേഷ്യം; രണ്ട് ആഡംബര ബൈക്കുകൾ
വെട്ടിപ്പുറത്തെ ഇരുനില വാടക വീട്ടിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു വർഷമായി ഇവിടെ താമസിക്കുന്നു. ഇവിടെ ജിംനേഷ്യം ഒരുക്കിയിരുന്നു. 3000 രൂപ വിലവരുന്ന 20ൽ അധികം ജീൻസുകളുണ്ട്. ധാരാളം മുന്തിയ ഇനം ഷൂസുകൾ, ഗ്ലൗസുകൾ എന്നിവയും കണ്ടെടുത്തു. ആകർഷകമായി വസ്ത്രം ധരിച്ചാണ് നടക്കുക.
വിലകൂടിയ രണ്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ഒന്നിന് രണ്ടര ലക്ഷം രൂപ വിലവരുന്നതാണ്. ഒരുപാട് ആയുധങ്ങളാണ് മുറിയിൽ കൂട്ടിയിട്ടിരുന്നത്. കത്തികൾ തന്നെ പലതരമുണ്ട്. ആനപ്പാറയിലെ സ്വന്തം വീട്ടിൽ അമ്മയും സഹോദരിയും അനുജനും താമസിക്കുന്നു. അച്ഛൻ ഉപേക്ഷിച്ചുപോയതാണ്. രണ്ടാനച്ഛൻ തമിഴ്നാട് സ്വദേശിയാണ്. ഈവീട് വാടകയ്ക്ക് എടുത്തിട്ട് ഒരു വർഷമേ ആയുള്ളൂ.
റിമാൻഡിലായ നൗഫലിനെ ചോദ്യം ചെയ്യാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എ.എസ്.പി ബിജി ജോർജ്, ഡിവൈ.എസ്.പിമാരായ കെ.എ വിദ്യാധരൻ, എസ്. വിദ്യാധരൻ, എസ്. നന്ദകുമാർ, പത്തനംതിട്ട ഇൻസ്‌പെക്ടർ ജിബു ജോൺ, എസ്.ഐ അനൂപ് ചന്ദ്രൻ എന്നിവരാണ് ഇയാെള ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.