കൊച്ചി: അവയവദാതാക്കളെ ഇറാനിലേക്ക് കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമുള്ളതിനാൽ വിപുലമായ അന്വേഷണം വേണമെന്ന് പൊലീസ് ഹൈകോടതിയിൽ. അന്യായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഇരകളെ തെറ്റിദ്ധരിപ്പിച്ചാണ് അവയവദാനത്തിന് സന്നദ്ധരാക്കിയത്. അവയവ ദാനത്തിനുശേഷം വാഗ്ദാനം ചെയ്ത പണം നൽകാതെ ഇരകളെ വഞ്ചിച്ചതായും നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി.സി. മുരുകൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതി കൊച്ചി ചങ്ങമ്പുഴ നഗർ സ്വദേശി സജിത്ശ്യാം നൽകിയ ജാമ്യഹരജിയിലാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, ജാമ്യഹരജി ഈ മാസം 10ന് പരിഗണിക്കാനായി ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റി.
മേയ് 18ന് വിമാനത്താവളത്തിൽനിന്ന് നാസർ സാബിത് എന്നയാളെ പിടികൂടിയപ്പോഴാണ് വിവരങ്ങൾ വെളിപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാൾ കണ്ടെത്തിയ പാലക്കാട് സ്വദേശിയെ ആറുമാസം മുമ്പ് ഇറാനിലേക്ക് കടത്തി അവയവദാനം നടത്തിയതിന് തെളിവുണ്ട്. ഒന്നാം പ്രതി മധു ജയകുമാറിനും ഏജന്റുമാർക്കും ഇടയിൽ പ്രവർത്തിച്ചയാളാണ് സജിത് ശ്യാം. ഒന്നാം പ്രതി നടത്തുന്ന മെഡിക്കൽ-ട്രീറ്റ്മെന്റ് ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബിന്റെ പേരിൽ തുക കൈമാറിയതിന് രേഖയുണ്ട്. ഇവിടെയാണ് ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. ഒന്നാം പ്രതിയെ പിടികൂടാനുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇപ്പോൾ ഹരജിക്കാരന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അതേസമയം, മധുവും താനും ബാല്യകാല സുഹൃത്തുക്കളാണെന്നാണ് ഹരജിക്കാരന്റെ വാദം. ഒരു കമ്പനിയിൽ കുറച്ചുകാലം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അവയവക്കച്ചവടവുമായി തനിക്ക് ബന്ധമില്ല. മധു ഇപ്പോൾ ഇന്ത്യയിലും ഇറാനിലും മെഡിക്കൽ ടൂറിസം ബിസിനസ് നടത്തുകയാണെന്നാണ് പറഞ്ഞിട്ടുള്ളത്. വിദേശത്തുള്ള തന്റെ ചില കക്ഷികൾക്ക് നേരിട്ട് പണം അയക്കാൻ സാധിക്കാത്തതിനാൽ തന്റെ അക്കൗണ്ടിൽ തുക സ്വീകരിക്കാൻ മധു ആവശ്യപ്പെടുകയായിരുന്നു. ഒരു വർഷം മുമ്പാണ് ബാങ്ക് ഇടപാടുകൾ നടന്നത്. പിന്നീട് ഉണ്ടായിട്ടില്ല. അറസ്റ്റിന് മുമ്പും ശേഷവും ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ട്. ഇത്രയും ദിവസമായി റിമാൻഡിലാണ്. ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും സജിത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.