തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ശുചിത്വമിഷന്‍. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.
നഗരസഭ തലത്തിൽ ജൈവമാലിന്യമെടുക്കാൻ നിയോഗിച്ച ഏജൻസിയാണ് സൺ ഏജ് സൊല്യൂഷൻസ്. ഇവർ നഗരസഭയ അറിയാതെ ആർ.സി.സിയുമായും മറ്റ് രണ്ട് സ്വകാര്യ ഏജൻസികളുമായും അജൈവമാലിന്യ ശേഖരണത്തിന് കരാറുണ്ടാക്കി. തുടർന്ന് ജി.പി.എസ് പോലും ഘടപ്പിക്കാതെ മാലിന്യമെന്ന് തോന്നാത്ത വിധത്തിൽ അടച്ചുമൂടിയ വാഹനത്തിൽ തമിഴ്നാട്ടിൽ എത്തിക്കുകയായിരുന്നു.
ആർ.സി.സിയുടെയും സ്വകാര്യ ആശുപത്രിയുടെയും മാലിന്യശേഖരണത്തിൽ കൃത്യമായ തരംതിരിക്കലില്ലാത്തത് കാരണം ഉപയോഗിച്ച സൂചിയുടെ ഭാഗമടക്കം കാണപ്പെട്ടു. ഇതാണ് കേരളത്തിൽ നിന്നുള്ള മാലിന്യമാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളിൽ നിന്നുളള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവർ അടക്കം നാലുപേരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്ന് മാലിന്യങ്ങൾ നീക്കിയിരുന്നു. കേരളത്തിൽനിന്ന് 70 അംഗ സംഘം തമിഴ് നാട്ടിലെത്തിയാണ് മാലിന്യം നീക്കിയത്. 16 ലോറികളിലായാണ് മാലിന്യം ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.