തിരുവനന്തപുരം: അനര്‍ഹമായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റിയ 116 ഗവ. ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവർ പട്ടികയിലുണ്ട്.
പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം ഇവരിൽനിന്ന് തിരിച്ചുപിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് പുതുതായി നടപടി സ്വീകരിച്ചത്.
റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്. വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.