അനുവാദം ചോദിക്കാതെ മുറ്റത്ത് വരരുതെന്ന് രഞ്ജിത്; വീടിന് 20ഓളം പൊലീസുകാരുടെ കാവൽ

കോഴിക്കോട്: മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നതിനുപിന്നാലെ രഞ്ജിത്തിന്‍റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. 20ഓളം പൊലീസുകാരാണ് സുരക്ഷാ ജോലിയിൽ ഉള്ളത്. തന്‍റെ സ്വകാര്യത മാനിക്കണമെന്നും അനുവാദമില്ലാതെ തന്‍റെ വീട്ടുമുറ്റത്തേക്ക് തള്ളിക്കയറി വരരുതെന്നും ശബ്ദസന്ദേശത്തിൽ രഞ്ജിത്ത് ആവശ്യപ്പെട്ടു. ഒരു മാധ്യമ കാമറയേയും അഭിമുഖീകരിക്കേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍റെ സ്വകാര്യത, എന്‍റെ വീടിന്‍റെ സ്വകാര്യതയാണ്. എന്‍റെ വീട്ടുമുറ്റത്തേക്ക് അനുവാദം ചോദിക്കാതെ നിങ്ങളൊരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നു. അതാവർത്തിക്കാനുള്ള ശ്രമവുമായി പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും പറയുന്നു. ദയവുചെയ്ത് ഒരു കാര്യം മനസ്സിലാക്കുക. എനിക്ക് ഒരു മാധ്യമ കാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ല. ഞാൻ അയക്കുന്ന ശബ്ദസന്ദേശത്തിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്’ -മാധ്യമപ്രവർത്തകരോട് ഒരു വാക്ക് പറയാനുണ്ടെന്ന മുഖവുരയോടെ രഞ്ജിത്ത് പറഞ്ഞു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഞായറാഴ്ച ബി.ജെ.പി പ്രവർത്തകർ രഞ്ജിത്തിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. വയനാട്ടിലെ പ്രതിഷേധത്തിനൊടുവിൽ അവിടെനിന്ന് രഞ്ജിത്ത് കോഴിക്കോട്ടെ വീട്ടിലേക്കോ ബാലുശ്ശേരിയിലെ തറവാട് വീട്ടിലേക്കോ എത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ, കോഴിക്കോടുള്ള മറ്റൊരു വീട്ടിലാണ് രഞ്ജിത്ത് ഉള്ളതെന്നാണ് സൂചന.

അതിനി​ടെ, ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ് രഞ്ജിത്തിന്‍റെ രാജിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞു. രാജിയിൽ സന്തോഷമോ ദുഃഖമോ ഇല്ല. രഞ്ജിത്ത്‌ അവസാനത്തെ ആളല്ല. നിരവധിപേർക്ക്‌ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്‌. ഈ വിഷയത്തിൽ ഒരു പാത കാണിക്കുകയാണ്‌ താൻ ചെയ്‌തത്‌. അതിൽ പലരും പിന്തുടരുമെന്ന്‌ പ്രതീക്ഷിക്കുന്നു. രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ കേരള പൊലീസ്‌ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള എല്ലാ വിഷയവും പുറത്തുവരേണ്ടതുണ്ട്. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികള്‍ മാറില്ല. അതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

Tags:    
News Summary - police security for Ranjith's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.