തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആശ്വാസ ജയമെന്ന പ്രതീക്ഷയിൽനിന്ന് അഭിമാനകരമായ നേട്ടത്തിലെത്തി ഇടതുമുന്നണി. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലെ വിജയത്തിൽ തലയുയർത്തി നിൽക്കുന്നത് എൽ.ഡി.എഫും സർക്കാറും മാത്രമല്ല, നേതൃത്വം നൽകുന്ന സി.പി.എമ്മും മുഖ്യമന്ത്രിയും കൂടിയാണ്. മാസങ്ങളോളം അടഞ്ഞുകിടന്ന സംസ്ഥാനത്ത് ക്ഷാമകാലവും തൊഴിലില്ലായ്മയും സൃഷ്ടിച്ചേക്കാവുന്ന ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്നത് അഭിമാനകരമായ നേട്ടമാണ്.
മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭരണവിജയം മാത്രമല്ല രാഷ്ട്രീയവിജയം കൂടിയാണിത്. കഴിഞ്ഞ ഒമ്പത് മാസമായി തുടർച്ചയായ രാഷ്ട്രീയ പരീക്ഷണമാണ് സർക്കാർ നേരിട്ടത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞും സർക്കാറിനെ പൊതുവെയും പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രതിപക്ഷ ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ്, അഡീ. ൈപ്രവറ്റ് സെക്രട്ടറി ഇ.ഡിയുടെ ചോദ്യം ചെയ്യലിെൻറ വക്കിൽ, മാധ്യമങ്ങളുമായുള്ള നിരന്തര ഏറ്റുമുട്ടൽ എന്നിവയെക്കൂടിയാണ് എൽ.ഡി.എഫ് മറികടക്കുന്നത്.
സർക്കാറും മുഖ്യമന്ത്രിയും ശൈലി മാറ്റണമെന്ന ആവശ്യത്തിനുള്ള മറുപടി കൂടിയായാണ് വിജയത്തെ ഇനി സി.പി.എം എടുത്തുകാട്ടുക. മുന്നണി വികസനത്തിൽ എൽ.ജെ.ഡിക്ക് പുറമെ ജോസ് കെ. മാണിയെ ഒപ്പം കൂട്ടിയപ്പോൾ അകത്തും പുറത്തും നിന്ന് സംശയം പറഞ്ഞവർക്കുകൂടിയുള്ള ഉത്തരവുമാണ്. ക്ഷേമപെൻഷനൊപ്പം എല്ലാ വീട്ടിലുമെത്തിച്ച ഭക്ഷ്യ കിറ്റ് ഉൾപ്പെട്ട ക്ഷേമ രാഷ്ട്രീയനയം ഫലപ്രദമായി എന്നതിെൻറകൂടി തെളിവാണ് ഇടത് മുന്നേറ്റം. വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിനുള്ള മറുപടിയായി വിജയത്തെ വരും ദിനത്തിൽ ഉയർത്തിക്കാട്ടാൻ സർക്കാറിനാകും.
യു.ഡി.എഫിനെ തോൽപിച്ചുവെന്നതിനെക്കാൾ ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിെൻറ വിളംബരമായി കൊട്ടിഗ്ഘോഷിച്ച തിരുവനന്തപുരം കോർപറേഷനിൽ അവരെ നേരിട്ട് മലർത്തിയടിെച്ചന്നത് സി.പി.എമ്മിെൻറ മാത്രം നേട്ടമാണ്. ബി.ജെ.പിക്ക് ബദൽ എൽ.ഡി.എഫ് എന്ന് തെളിയിക്കാനുമായി. അതേസമയം പന്തളത്തും ചെങ്ങന്നൂരുമുണ്ടായ തിരിച്ചടി സി.പി.എമ്മിന് വലുതാണ്. വെൽെഫയർ പാർട്ടിയുമായുള്ള യു.ഡി.എഫ് നീക്കുപോക്കെന്ന ചെറിയ വിഷയത്തെ ഉൗതിപ്പെരുപ്പിച്ച് വലിയ രാഷ്ട്രീയവിവാദമാക്കി മധ്യവർഗ ഹിന്ദുവോട്ടുകളെ അടർത്തിയെടുത്തതും തന്ത്രപരമായ നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.