തിരുവനന്തപുരം: കേരഗ്രാമം പദ്ധതിയിലേക്കുള്ള വിത്ത് തേങ്ങ തമിഴ്നാട്ടിൽനിന്ന് വാങ്ങാൻ തീരുമാനിച്ചത് മന്ത്രി വി.എസ്. സുനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. ഗുണമേന്മയില്ലാത്ത പൊള്ളാച്ചി വിത്ത് തേങ്ങക്ക് വഴിതെളിഞ്ഞത് നാളികേര വികസന കൗൺസിൽ മേയ് 30ന് നടത്തിയ ഇൗ യോഗത്തിലാണ്. 2019-20ൽ തെങ്ങിൻതൈ വിതരണം അവലോകനം നടത്തുന്നതിനാണ് കൗൺസിൽ യോഗം ചേർന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ തയാറാവുന്ന തെങ്ങിൻ തൈകളുടെ എണ്ണം മുൻ വർഷങ്ങളിലേക്കാൾ കുറഞ്ഞതിൽ മന്ത്രി യോഗത്തിൽ നീരസം പ്രകടിപ്പിച്ചു.
അടുത്ത വിതരണത്തിൽ ഈ കുറവ് നികത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷദ്വീപ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് വിത്തുതേങ്ങ വാങ്ങാമെന്ന നിർദേശം യോഗത്തിൽ മുന്നോട്ട് വെച്ചത് കാർഷിക സർവകലാശാലയിലെ വിത്ത് ഗവേഷണ വിഭാഗം അസോസിയറ്റ് ഡയറക്ടറാണ്. ആ നിർദേശം മന്ത്രിയുൾപ്പെടെ അംഗീകരിച്ചു. ലക്ഷദ്വീപിൽനിന്ന് 6,000വും കർണാടക-തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് 30,000വും വിത്ത് തേങ്ങ വാങ്ങാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. പദ്ധതി മോണിറ്റർ ചെയ്യുന്നതിന് കൃഷി ഡയറക്ടറേറ്റിൽ മികച്ച സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സംഘത്തിനും തൈകൾക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്താനായില്ല.
പഞ്ചായത്തുകളിൽ തെങ്ങിൻതൈ വിതരണം ചെയ്യുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു. കേരഗ്രാമം നടപ്പാക്കിയ 300 പഞ്ചായത്തുകളിലെ എല്ലാ വാർഡിലും 75 തെങ്ങിൻ തൈകൾ നൽകണം. പദ്ധതി നടപ്പാക്കാത്ത മണ്ഡലങ്ങളിലെ എം.എൽ.എമാർ തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിൽ വാർഡ് ഒന്നിന് 75 തൈകൾ വീതം നൽകണം. ആകെ 500 പഞ്ചായത്തുകളിലായി ഉദ്ദേശം 6,000 വാർഡുകളിൽ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. 50 ശതമാനം സബ്സിഡിയിൽ പരമാവധി മൂന്ന് തൈകൾവരെ ഒരു ഗുണഭോക്താവിന് നൽകാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.