തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളം സന്ദർശിക്കാനിരിക്കെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'പോ മോനെ മോദി' ഹാഷ് ടാഗ്. 'ഗോ ബാക്ക് മോദി', 'ഗോ ബാക്ക് സാഡിസ്റ്റ് മോദി' എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് മലയാളം ഹാഷ്ടാഗും ട്രെന്‍റിങ് ലിസ്റ്റിൽ മുകളിലെത്തിയത്.
കാർട്ടൂണുകളും മീമുകളും വഴിയാണ് മോദിക്കെതിരെ ട്വിറ്ററാറ്റികൾ പ്രതിഷേധിക്കുന്നത്. മലയാളികൾക്കൊപ്പം തന്നെ തമിഴ്നാട്ടുകാരും ഇതേ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. പശ്ചിമഘട്ടം കൊണ്ട് വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി അണിനിരക്കുകയാണ് തമിഴ്നാട്ടുകാരും മലയാളികളും സോഷ്യൽ മീഡിയകളിൽ. ഇത് ഉയർത്തിക്കാണിക്കുന്ന പോസ്റ്റുകളും നിരവധി.
സമ്പദ്വ്യവസ്ഥയിലെ തകർച്ച, തൊഴിലില്ലായ്മ, കർഷക സമരം, ഇന്ധന വില വർധന എന്നീ വിഷയങ്ങൾ ഉയർത്തിക്കാണിച്ചാണ് മോദിക്കെതിരെ കാംപയിൻ അരങ്ങേറുന്നത്. തമിഴ്നാട്ടിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് മോദി കേരളത്തിലെത്തുക.
ജനുവരി 26ലെ പ്രധാനമന്ത്രിയുടെ മധുര സന്ദർശനത്തിന് മുന്നോടിയായും ട്വിറ്ററിൽ 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെൻഡിങ്ങിലെത്തിയിരുന്നു. എയിംസിന്‍റെ തറക്കല്ലിടൽ ചടങ്ങിനായിരുന്നു മോദി എത്തിയത്.പതിവുപോലെ മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇത്തവണയും പ്രതിഷേധം ഉയരുകയായിരുന്നു.
ചെന്നൈയിലെ പരിപാടികളിൽ പെങ്കടുത്ത ശേഷം ഞായറാഴ്ച ഉച്ച 2.45ന് കൊച്ചി നാവിക സേന വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെത്തും. ബി.പി.സി.എല്ലിന്‍റ പുതിയ മെട്രോ കെമിക്കൽ പ്ലാന്‍റ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയിലെത്തുക. അഞ്ച് ഔദ്യോഗിക പരിപാടികളിലും ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.