തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്നാംദിവസവും തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 63 തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് തടവുകാർ ശുചീകരണം നടത്തിയതിനാൽ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു.
ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. ബുധനാഴ്ച 58 പേർക്കും വ്യാഴാഴ്ച ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 42 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
12ാം ബ്ലോക്കിലെ 143 തടവുകാരെ പരിശോധിച്ചപ്പോഴാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഏഴാം ബ്ലോക്കിലെയും വ്യാഴാഴ്ച പത്താംബ്ലോക്കിലെയും തടവുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിലേർപ്പെട്ട തടവുകാരുമായി പ്രാഥമിക സമ്പർക്കമുള്ളവരോട് നീരീക്ഷണത്തിൽ പോകാൻ ജയിൽ മേധാവി ഋഷിരാജ് സിങ് നിർദേശിച്ചു. അണുനശീകരണം നടത്തിയശേഷം ചൊവ്വാഴ്ച ജയിൽ ആസ്ഥാനം പ്രവർത്തിക്കും.
കോവിഡ് പശ്ചാത്തലത്തിൽ തടവുകാരുടെ പരോൾ കാലാവധി നീട്ടി. ആദ്യഘത്തിൽ അടിയന്തര പരോൾ ലഭിച്ചവരും ലോക്ഡൗണിന് മുമ്പ് പരോളിൽ പോയവരും െസപ്റ്റംബർ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലിൽ പ്രവേശിക്കണം.
265 തടവുകാർക്കാണ് ഇത് ബാധകമാകുക. രണ്ടാംഘട്ടത്തിൽ പരോളിൽ പോയ ഓപൺ ജയിലുകളിലെയും വനിത ജയിലുകളിലെയും 589 തടവുകാർ നവംബർ 15ന് ശേഷം മൂന്ന് ദിവസത്തിനകവും മൂന്നാംഘട്ടം പരോൾ ലഭിച്ച സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷ ജയിലുകളിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്നുദിവസത്തിനകം ജയിലിൽ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.