കൽപറ്റ: സിദ്ധാർഥന്റെ മരണത്തെത്തുടർന്ന് താൽക്കാലികമായി അടച്ച പൂക്കോട് വെറ്ററിനറി കോളജ് തിങ്കളാഴ്ച തുറന്നു. നിലവിൽ ഹൈകോടതി ഉത്തരവുള്ളതിനാൽ കുട്ടികൾക്ക് ഏത് സമയത്തും ഹോസ്റ്റലിൽ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും. ഇതിന് സർവകലാശാല നിയന്ത്രണം കൊണ്ടുവരും. ഹോസ്റ്റലിന്റെ മുഴുവൻ ചുമതലയും ഒരു അസിസ്റ്റന്റ് വാർഡന് നൽകും.
ഹോസ്റ്റലുകൾക്ക് ചില ക്രമീകരണങ്ങൾ നടപ്പാക്കും. ആറു ഹോസ്റ്റലുകളാണ് സർവകലാശാലക്കു കീഴിലുള്ളത്. ഓരോ നിലകൾക്കും ഓരോ അധ്യാപകർക്ക് അധിക ചുമതലയും നൽകിയിട്ടുണ്ട്. പല ഭാഗങ്ങളിലായി അഞ്ചിടത്ത് സി.സി കാമറകൾ സ്ഥാപിച്ചു. നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ സമയക്രമീകരണത്തിന് നിയന്ത്രണമേർപ്പെടുത്താൻ നടപടിയെടുക്കും. ഹോസ്റ്റലിനു സമീപത്തെ കുന്നിൻപുറത്തടക്കം കുട്ടികൾ രാത്രിസമയങ്ങളിലും പോകാറുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അധികൃതർ ഹോസ്റ്റലിൽ പ്രവേശിക്കാനും പുറത്തുപോകാനും നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. കാമ്പസിലടക്കം കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് കൽപറ്റ ഡിവൈ.എസ്.പി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ സംഘർഷ സാധ്യതയുണ്ടെങ്കിൽ ഇടപെടുന്നതിനാണ് പൊലീസ് വിന്യാസം.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പ്രതികളായ 20 പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. കേസ് സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.