കൊച്ചി: പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സംസ്ഥാന സർക്കാർ ആവശ്യത്തിൽ കേന്ദ്ര സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ച ജസ്റ്റിസ് വി.ജി. അരുൺ പരാതികളെല്ലാത്തിനും കൂടി ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പിയുടെ ആഗസ്റ്റ് 28ലെ സർക്കുലർ മരവിപ്പിച്ചു.
തട്ടിപ്പ് നടത്തിയ കമ്പനിയുടെയും ഉടമകളുടെയും സ്വത്ത് ഏറ്റെടുക്കാൻ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യ സംരക്ഷണ നിയമ പ്രകാരം സർക്കാർ വൈകാതെ ഉത്തരവിറക്കണം. ഇതിനുള്ള നടപടികൾ തുടരുന്നതിനിടെ സ്വത്ത് ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ജില്ല കലക്ടർമാർ പോപുലർ ഫിനാൻസിയേഴ്സ് ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടി സ്വർണം, പണം, മറ്റ് സ്വത്തു വകകൾ തുടങ്ങിയവ കണ്ടുകെട്ടണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. പോപുലർ നിക്ഷേപത്തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഡ്വ. കെ. രവീന്ദ്രൻ പിള്ള ഉൾപ്പെടെ നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഹരജികൾ ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.
കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. വിവിധ സ്റ്റേഷനുകളിലായി 3000ത്തിലേറെ പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ, സ്ഥാപനത്തിെൻറ ശാഖകൾ അടച്ചുപൂട്ടാനോ നടപടിക്കോ പോലും തയാറായിട്ടില്ല. മരട് ഫ്ലാറ്റിെൻറ മാതൃകയിൽ നിക്ഷേപകരുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരത്തുക സർക്കാർ നൽകിയശേഷം പോപ്പുലർ ഫിനാൻസിയേഴ്സ് ഉടമകളിൽ നിന്ന് ഇൗടാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.