കല്ലേറിൽ ചില്ല് തകർന്ന കെ.എസ്.ആർ.ടി.സി ബസ് 

പോപുലർ ഫ്രണ്ട് ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട്: രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകൾ തകർന്നു. നിരവധി ഡ്രൈവർമാർക്ക് പരിക്കേറ്റു. കല്ലേറിനെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് പലയിടത്തും സർവിസ്. ഈരാറ്റുപേട്ടയിൽ പൊലീസും പോപുലർ ഫ്രണ്ട് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഈരാറ്റുപേട്ടയിലും വടകരയിലും ഉൾപ്പെടെ പോപുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു. പൊലീസ് ജാഗ്രത പാലിച്ചിട്ടും എല്ലാ ജില്ലകളിലും ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നില്ല. ഇതോടെ വലിയ യാത്ര ദുരിതമാണ് അനുഭവപ്പെടുന്നത്. 



ഹർത്താലിനിടെ അക്രമമുണ്ടായാൽ ഉടനടി അറസ്റ്റുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.



(കോഴിക്കോട് പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി ബസുകൾ ഒരുമിച്ച് സർവിസ് നടത്തുന്നു)

 

കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട് വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് നടത്തും.


കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Popular front of India Hartal starts in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.