ശ്രീകണ്ഠപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിറകെ കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരിലെ ശ്രീകണ്ഠപുരത്തും പയ്യാവൂരിലും പോസ്റ്ററുകള്‍. ശ്രീകണ്ഠപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസായ ഇന്ദിരാഭവന്റെ ചുവരുകളിലും പയ്യാവൂര്‍ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ തൂണുകളിലുമാണ് പോസ്റ്ററുകള്‍ പതിച്ചത്. കൈകൊണ്ട് എഴുതിയതാണ് പോസ്റ്ററുകള്‍. 'പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ', 'അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച കെ.സി. വേണുഗോപാലിന് ആശംസകള്‍', 'കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ശകുനി' തുടങ്ങിയവയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സജീവ് ജോസഫിനെ ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് എ ഗ്രൂപ് പ്രവർത്തകർ ശ്രീകണ്ഠപുരത്തെയും ആലക്കോടെയും ബ്ലോക്ക് കോൺഗ്രസ് ഓഫിസുകൾ പൂട്ടി കരിങ്കൊടി കുത്തി പോസ്റ്റർ പതിച്ചിരുന്നു. അന്നത്തെ പോസ്റ്ററുകളിലും കെ.സി. വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ചിരുന്നു. രണ്ടു മാസം മുമ്പ് സമൂഹമാധ്യമത്തിൽ വേണുഗോപാലിനെതിരെ പരോക്ഷമായി വിമർശിച്ചതിന്റെ പേരിൽ എ ഗ്രൂപ്പുകാരനായ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.പി. ലിജേഷിനെ സസ്പെൻഡ് ചെയ്തതും വിവാദമായിരുന്നു. കോണ്‍ഗ്രസ് ഓഫിസ് ചുവരില്‍ പതിച്ച പോസ്റ്ററുകള്‍ ശനിയാഴ്ച രാവിലെ പത്തോടെ നേതാക്കള്‍ പറിച്ചുനീക്കി.
തിരുവനന്തപുരം: കോൺഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് സമൂഹമാധ്യമങ്ങളിൽ നേതാക്കളെ വ്യക്തിഹത്യ ചെയ്ത് പോസ്റ്റുകൾ വ്യാപകം. അച്ചടക്കനടപടിയുടെ വാളുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവർക്കെതിരായാണ് പോസ്റ്റുകൾ. തോൽവിയുടെ ഉത്തരവാദിത്തം ഇവർക്കാണെന്ന നിലയിലാണ് പോസ്റ്റുകൾ. പുറമെ ചില പോസ്റ്ററുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാനടപടി സ്വീകരിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകിയത്.
സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അംഗീകരിക്കാനാകില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കെ.പി.സി.സി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തൽ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകും. സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തകര്‍ പിന്തിരിയണം.
സോണിയയും രാഹുലും പ്രിയങ്കയും വേണുഗോപാലും ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെക്കുന്ന പ്രവണത അംഗീകരിക്കില്ല. ജയ-പരാജയങ്ങളില്‍ എല്ലാവര്ക്കും കൂട്ടുത്തരവാദിത്തമുണ്ട്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്കലംഘനമായി കാണേണ്ടിവരും. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാവാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.