തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരൻ വള്ളം മറിഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ എസ്. ബാലു (27) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന വർക്കല സി.ഐ വി.എസ്. പ്രശാന്തിനെയും സിവിൽ പൊലീസ് ഓഫിസർ പ്രശാന്തിനെയും രക്ഷപ്പെടുത്തി. വള്ളക്കാരൻ വസന്തൻ നീന്തി രക്ഷപ്പെട്ടു. പോത്തൻകോട് സുധീഷ് വധക്കേസിൽ ഒളിവിലുള്ള മുഖ്യപ്രതി ഒട്ടകം രാജേഷിനെ തേടിയുള്ള യാത്രക്കിടെയാണ് അപകടം.
സി.ഐ ഉൾപ്പെടുന്ന മൂന്നംഗസംഘം പുത്തൻകടവ് മേഖലയിലെ തുരുത്തുകളിൽ അന്വേഷിച്ച് തിരികെ വരുന്നതിനിടെ വള്ളത്തിൽ വെള്ളം കയറി. മുന്നിലിരുന്ന സി.ഐയും അരികിലിരുന്ന ബാലുവും എഴുന്നേറ്റതോടെ വള്ളം മറിഞ്ഞു. പലതവണ മുങ്ങിയ സി.ഐയെ വള്ളക്കാരൻ മുങ്ങിയെടുത്തു. വള്ളത്തിൽ പിടിച്ചുനിന്നാണ് സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് രക്ഷപ്പെട്ടത്.
കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മധുവും വസന്തനും ചേർന്നാണ് ഇരുവരെയും കരക്കെത്തിച്ചത്. നീന്താൻ ശ്രമിച്ച ബാലു പ്രശാന്ത് ഇട്ടുകൊടുത്ത പങ്കായത്തിൽ പിടിെച്ചങ്കിലും പിന്നീട് മുങ്ങിപ്പോയി. മത്സ്യത്തൊഴിലാളികൾ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിവില്‍ എൻജിനീയറിങ്, ഇക്കണോമിക്സ് എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്. ജനുവരിയിലാണ് പരിശീലനത്തിന് സേനയില്‍ ചേര്‍ന്നത്. റിട്ട. ആർമി ഓഫിസർ ഡി. സുരേഷിെൻറയും റിട്ട. ഡെപ്യൂട്ടി തഹസിൽദാർ അനിലയുടെയും മകനാണ്. സഹോദരൻ: ബിനു
അന്വേഷണം പ്രഖ്യാപിച്ചു
കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വർക്കല ഡിവൈ.എസ്.പി നിയാസിനാണ് അന്വേഷണ ചുമതല. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന്ന് സി.ഐ ആവശ്യപ്പെട്ടെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്. വള്ളത്തിെൻറ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. പ്രതികളെ അന്വേഷിച്ച് തിരികെ വരുന്നതിനിടെ ബാലുവും സി.ഐയും എഴുന്നേറ്റെന്നും ബാലൻസ് നഷ്ടപ്പെട്ട് വള്ളം മറിഞ്ഞെന്നുമാണ് വസന്തെൻറ മൊഴി. വെള്ളം കയറിയതാണ് വള്ളം മറിയാൻ കാരണമെന്ന് സി.ഐയും രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.