തൃശൂർ: കുടിവെള്ള പ്രശ്നത്തിൽ കോർപറേഷൻ ഓഫിസിൽ നാടകീയരംഗങ്ങൾ. കലക്കവെള്ളമാണ് പൈപ്പുകളിൽ വരുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിന് മുകളിലേക്ക് ചളിവെള്ളം ഒഴിച്ചു. പ്രതിഷേധിച്ചവർക്കുനേരെ കാർ മുന്നോട്ടെടുക്കാൻ മേയർ ഡ്രൈവർക്ക് നിർദേശം നൽകിയത് സംഘർഷത്തിന് ഇടയാക്കി. പരിക്കേറ്റ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, കൗൺസിലർമാരായ ജോൺ ഡാനിയൽ, മെഫി ഡെൽസൻ, എ.കെ. സുരേഷ്, ലാലി ജയിംസ്, ശ്രീലാൽ എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലാൽ, മെഫി എന്നിവരുടെ കാലിൽ ടയർ കയറിയതായി പരാതിയുണ്ട്. എൽ.ഡി.എഫ് കൗൺസിലർ സാറാമ്മ റോബ്സണും പരിക്കേറ്റു.
പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതായി പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബറിലെത്തി കുത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ സ്പിൽ ഓവർ പദ്ധതികൾക്ക് അംഗീകാരം നൽകാനാണ് കൗൺസിൽ ചേർന്നത്. പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. മേയർ എത്തിയതോടെ കോലത്തിനു മുകളിൽ ചളിവെള്ളമൊഴിച്ചു. പ്രതിഷേധം കനത്തതോടെ മേയർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പോർച്ചിലെത്തിയ മേയർ കാറിൽ കയറിയപ്പോൾ തടഞ്ഞതാണ് സമരമുഖം സംഘർഷാത്മകമാക്കിയത്. ഇതിനിടെ മേയറുടെ കാറിലേക്ക് കോൺഗ്രസ് കൗൺസിലർമാർ ചളിവെള്ളം ഒഴിച്ചു. കാറിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച കൗൺസിലർ എ.കെ. സുരേഷിനെ ഭരണപക്ഷ നേതാവ് പി.കെ. ഷാജൻ, അനീസ് അഹമ്മദ് എന്നിവർ ബലമായി വലിച്ചുമാറ്റിയത് തർക്കത്തിനിടയാക്കി. ഇത് ചോദ്യംചെയ്ത് യുവ കൗൺസിലർ ശ്രീലാൽ അടക്കമുള്ളവരെത്തി. വനിത കൗൺസിലർ ലാലിയുടെ നേതൃത്വത്തിൽ മേയറുടെ വാഹനത്തിന് മുന്നിലേക്ക് എത്തിയതോടെ കാർ മുന്നോട്ടെടുക്കാൻ മേയർ ഡ്രൈവർ ലോറൻസിനോട് ആവശ്യപ്പെട്ടെന്നാണ് പരാതി. ഡ്രൈവർ മുന്നോട്ടെടുത്തതോടെ കാർ കൗൺസിലർമാരെ നിരക്കി നീക്കി.
സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മേയർ ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡ്രൈവറെ സസ്പെൻഡ് ചെയ്യണമെന്നും മേയർക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് ആവശ്യപ്പെട്ടു. കോൺഗ്രസ് കൗൺസിലർമാരുടെ സംഘം രാത്രിയും ചേംബറിൽ കുത്തിയിരിപ്പ് സമരം നടത്തി. അതേസമയം, കുടിവെള്ളത്തിൽ കലങ്ങലുണ്ടെന്ന് മേയർ സമ്മതിച്ചു. പീച്ചിയിൽ വെള്ളം പമ്പുചെയ്യുന്നത് തടാകത്തിന്റെ അടിയിൽ നിന്നായതിനാൽ ചളി അടിയുന്നതാണ് പ്രശ്നം. 15നു ശേഷം മുകൾപരപ്പിൽനിന്നു വെള്ളമെടുക്കുന്നതോടെ പ്രശ്നം തീരുമെന്നാണ് വിശദീകരണം. എന്നാൽ, ഇതു പറഞ്ഞു തുടങ്ങിയിട്ടു ഒരുവർഷമായെന്ന് പ്രതിപക്ഷം പരിഹസിച്ചു. പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.