വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; തിങ്കളാഴ്ച 100.3586 ഉപയോഗിച്ചത് ദശലക്ഷം യൂനിറ്റ്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിൽ. തിങ്കളാഴ്ച (ഏപ്രിൽ 17) 100.3586 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് വൈദ്യുതി ബോർഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ്.

69.65 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. 30.70 ദശലക്ഷം യൂനിറ്റ് മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചത്. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കഴിഞ്ഞദിവസങ്ങളിൽ വർധിച്ചുവരുകയാണ്. ഏപ്രിൽ 13ന് ഉപഭോഗം ആദ്യമായി 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടിരുന്നു. കഴിഞ്ഞവർഷം ഏറ്റവും ഉയർന്ന ഉപഭോഗം 92.30 ദശലക്ഷം യൂനിറ്റായിരുന്നു.

പുറത്തുനിന്ന് വൈദ്യുതി എത്തിക്കാൻ കൂടുതൽ ലൈനുകൾ വന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ തുണയായത്. ഇനിയും ഉപഭോഗം ഉയർന്നാൽ വില കൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. വൈദ്യുതി വില സംസ്ഥാനത്തിന് പുറത്ത് കുതിച്ചുയരുകയാണ്. ഉയർന്ന വിലക്കുള്ള വൈദ്യുതി കൂടുതലായി വാങ്ങിയാൽ ഇന്ധന സർചാർജ് വഴി അതിന്‍റെ ബാധ്യത ഉപഭോക്താക്കൾക്ക് മുകളിൽതന്നെ പിന്നീട് വരും.

അണക്കെട്ടുകളിൽ ജലനിരപ്പ് അതിവേഗം താഴുകയാണ്. ഉൽപാദനം പരമാവധി വർധിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 1604.50 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് സംഭരണികളിലുള്ളത്. ഇത് ആകെ സംഭരണ ശേഷിയുടെ 39 ശതമാനം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയം 1771.55 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ 167.05 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 35 ശതമാനവും ശബരിഗിരി ഡാമുകളിൽ 39 ശതമാനവുമാണ് വെള്ളം. ചെറിയ ഡാമുകളിലും വെള്ളം കുറയുകയാണ്. വരുംദിവസങ്ങളിൽ വേനൽ മഴ വ്യാപകമാകുമെന്നും ഉപഭോഗം താഴുമെന്നുമാണ് പ്രതീക്ഷ.

Tags:    
News Summary - Power consumption at all-time record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.