ജപ്തി നടപടികളിൽ ഇടപെടാൻ സര്‍ക്കാറിന് അധികാരം, മൊറട്ടോറിയം പ്രഖ്യാപിക്കാം; നിയമഭേദഗതി ബില്‍ പാസാക്കി

തിരുവനന്തപുരം: ജപ്തി നടപടികളിൽ ഇടപെടാന്‍ സര്‍ക്കാറിന് അധികാരം നൽകുന്ന സുപ്രധാന നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. 1968ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്‍. റവന്യൂ റിക്കവറിയില്‍ സര്‍ക്കാറിന് മൊറട്ടോറിയം പ്രഖ്യാപിക്കാം. തഹസില്‍ദാര്‍, കലക്ടര്‍, റവന്യൂ മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും മന്ത്രിസഭക്കും ഇളവ് അനുവദിക്കാം.

ലേലത്തില്‍ പോകാത്ത ഭൂമി (ബോട്ട് ഇന്‍ ലാന്‍ഡ്) സര്‍ക്കാറിന് ഒരു രൂപക്ക് (നേരത്തേ 10 പൈസയായിരുന്നു) ഏറ്റെടുക്കാം, ഭേദഗതി പലിശ 12ല്‍നിന്ന് ഒമ്പത് ശതമാനമായി കുറക്കും, വീഴ്ചവരുത്തിയ ആള്‍ക്കോ അടുത്ത ബന്ധുവിനോ ബാധ്യതകള്‍ തീര്‍ത്ത് ഭൂമി അഞ്ചുവര്‍ഷത്തിനകം സര്‍ക്കാറില്‍നിന്ന് ഏറ്റെടുക്കാം തുടങ്ങിയ സുപ്രധാന വ്യവസ്ഥകളുമുണ്ട്. ജപ്തി ചെയ്ത ഭൂമി വേറൊരു വ്യക്തിക്ക് വില്‍ക്കാനാകും.

വില്‍ക്കുന്നയാളും വാങ്ങുന്നയാളും കരാറില്‍ ഒപ്പുവെച്ചശേഷം കലക്ടറെ സമീപിച്ചാല്‍ നടപടി സ്വീകരിക്കും. ഭൂമി വില്‍പന നടത്തി പണമടച്ചാല്‍ മാത്രമാണ് ആ ഭൂമി ലഭിക്കുക. ബാങ്ക് ജപ്തിയിലുള്‍പ്പെടെ സര്‍ക്കാറിന് ഇടപെടാന്‍ കഴിയാത്ത സ്ഥിതി മറികടക്കാനും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരാനുമുള്ള നിയമഭേദഗതിയാണിതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു. റവന്യൂ റിക്കവറി മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമേകാന്‍ നിയമഭേദഗതി വഴിയൊരുക്കും.

നിലവിലെ നിയമത്തില്‍ റിക്കവറി സ്റ്റേ ചെയ്യാന്‍ സര്‍ക്കാറിന് വ്യവസ്ഥകളില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചതാണ് ഭേദഗതിക്ക് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കേരള റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷന്‍ 71 പ്രകാരം ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിനെ അറിയിക്കാം.  

Tags:    
News Summary - Power for government to intervene in confiscation proceedings, declare moratorium; The amendment bill was passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.