തിരുവനന്തപുരം: സി.പി.ഐയുടെ സുപ്രധാന സംഘടന ചുമതലകൾ വഹിക്കുമ്പോഴാണ് പി.പി. സുനീറിന് രാജ്യസഭയിലേക്കുള്ള പുതിയ നിയോഗം. പാർട്ടി ദേശീയ കൗൺസിൽ അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി.പി.സുനീർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തുന്നത്.
1999ൽ പൊന്നാനി മണ്ഡലത്തിൽനിന്നും ലോകസഭയിലേക്ക് ഇടതു സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത് വാലയ്ക്കെതിരെയും 2004 ൽ പൊന്നാനി മണ്ഡലത്തിൽനിന്നും മുസ്ലിം ലീഗ് സ്ഥാനാർഥി ഇ. അഹമ്മദിനെതിരെയും 2019 ൽ വയനാട് മണ്ഡലത്തിൽനിന്നും രാഹുൽ ഗാന്ധിക്കെതിരെയും മത്സരിച്ചിരുന്നു.
സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറിയായും എൽ.ഡി.എഫ് മലപ്പുറം ജില്ല കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനും കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമാണ്. 1968ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലാണ് ജനനം.
കോളജ് വിദ്യാഭ്യാസ കാലത്ത് രണ്ടു പ്രാവശ്യം കോഴിക്കോട് സർവകലാശാല യൂനിയൻ വൈസ് ചെയർമാനായി. തുടർന്ന് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനിലും കമ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകൻ. 2005ൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാറഞ്ചേരി വാർഡിൽനിന്ന് ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: ഷാഹിന. രണ്ടു പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.