തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന പ്രവീൺ റാണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണത്തിന് വീണ്ടും ക്രൈംബ്രാഞ്ചിന് കസ്റ്റഡി അനുവദിച്ചു. തൃശൂർ അഡീഷനൽ ജില്ല ജഡ്ജി ടി.കെ. മിനിമോളാണ് അപേക്ഷ തള്ളിയത്.
ക്രൈംബ്രാഞ്ച് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് പ്രവീണിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിടുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നതും നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസുകളിൽ നൽകിയ ജാമ്യാപേക്ഷകളാണ് തിങ്കളാഴ്ച കോടതി വാദം കേട്ട് തള്ളിയത്.
അന്വേഷണത്തിനിെട ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്ത ഒരുകേസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ടി.ആർ. സന്തോഷ് സമർപ്പിച്ച ഹരജി അനുവദിച്ചാണ് കോടതി 10 ദിവസം കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ. വിഷ്ണുദത്തൻ, അഡ്വ.സി.ജെ. അമൽ എന്നിവർ ഹാജരായി. നിലവിൽ 85 കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. കൂടാതെ, ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ നൂറോളം കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.