തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയെ മൂന്ന് കേസിൽകൂടി അറസ്റ്റ് രേഖപ്പെടുത്തി. റിമാൻഡിൽ കഴിയുന്ന ഇയാളെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒല്ലൂരിൽ മൂന്ന് പേരിൽനിന്ന് 15 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. തൃശൂരിലെയടക്കം സ്ഥാപനങ്ങളിൽ എത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് സി.ഐ അനിൽ ടി. മേപ്പുള്ളിയുടെ നേതൃത്വത്തിലാണ് അറസ്റ്റും തെളിവെടുപ്പും നടത്തിയത്.
സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി 300 കോടിയോളം രൂപ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തെന്നാണ് പ്രവീൺ റാണക്കെതിരായ കേസ്. പരസ്യങ്ങളിലൂടെയും സ്ഥാപനത്തിലെ സ്റ്റാഫുകൾ മുഖാന്തരവും നിക്ഷേപകർക്ക് ഉയർന്ന തോതിൽ ലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം ഫ്രാഞ്ചൈസി എന്ന പേരിൽ ധാരണപത്രം ഒപ്പിട്ടു നൽകിയിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കത്തക്കരീതിയിൽ പല കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവ പ്രവർത്തിച്ചിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മിക്ക ജില്ലകളിലും ഇവർക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 100 കേസാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രവീൺ റാണയുടെ കൂട്ടാളികളും സേഫ് ആൻഡ് സ്ട്രോങ് കമ്പനി ഡയറക്ടർമാരുമായ വെളുത്തൂർ പ്രജിത്ത് മോഹൻ, പവറട്ടി വെൻമേനാട് മനീഷ് എന്നിവരെകൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.