കോഴിക്കോട്: രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെ ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുളള മുന്നൊരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ഉൾപ്പെടെ ആവശ്യപ്പെട്ടിരിക്കയാണ്. ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ എട്ടു മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂട്ടി കലക്ടർ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കലക്ടറേറ്റിൽ ആരംഭിച്ചത്. 2019ൽ ടി. സിദ്ദിഖിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച ശേഷമായിരുന്നു വയനാട്ടിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. സിദ്ദിഖ് വയനാട് ലോക്സഭാ മണ്ഡലത്തിലെ കൽപറ്റയിൽ നിന്നുളള നിയമസഭാംഗമാണിപ്പോൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സ്ഥാനാർഥി ആരായാലും രാഹുലിനെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ വേട്ടയാടൽ തന്നെയാവും പ്രധാന വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.