തിരുവനന്തപുരം: ബസ് ചാർജ് വർധന നീക്കങ്ങൾക്ക് പിന്നാലെ ഓട്ടോ-ടാക്സി നിരക്ക് വർധനക്കും കളമൊരുങ്ങുന്നു. ഓട്ടോയുടെ മിനിമം ചാർജ് നിലവിലെ 25 രൂപയിൽനിന്ന് 30 ആക്കി വർധിപ്പിക്കണമെന്നതടക്കം ശിപാർശകളോടെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലെ 12 രൂപയിൽനിന്ന് 15 ആക്കി വർധിപ്പിക്കാനും ശിപാർശയുണ്ട്.
കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധികനിരക്കും രാത്രികാല യാത്രയിൽ നഗരപരിധിയിൽ 50 ശതമാനം അധിക നിരക്കും നിലനിര്‍ത്തണം. വെയ്റ്റിങ് ചാർജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിലേതുപോലെ തുടരാനുമാണ് കമ്മിറ്റി നിർദേശം.
1500 സി.സിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് നിലവിലെ 175 രൂപയിൽനിന്ന് 210 ആയും കിലോമീറ്റർ ചാർജ് 15 രൂപയിൽനിന്ന് 18 ആയും വർധിപ്പിക്കണമെന്നാണ് ശിപാർശ. 1500 സി.സിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽനിന്ന് 240 രൂപയാക്കണം. കിലോമീറ്റർ നിരക്ക് 17 രൂപയിൽനിന്ന് 20 ആയും വർധിപ്പിക്കണം. വെയ്റ്റിങ് ചാർജ് നിലവിലേതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശിപാര്‍ശയുണ്ട്.
ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തി. നിലവിലെ ഭീമമായ ഇന്ധനവിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി നിരക്ക് വർധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂനിയനുകളുടെയും ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു.
കമ്മിറ്റി സമര്‍പ്പിച്ച വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് സർക്കാർതലത്തിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജസ്റ്റിസ് എം. രാമചന്ദ്രന്‍, ഗതാഗത കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍, കമ്മിറ്റിയംഗങ്ങളായ എന്‍. നിയതി, ടി. ഇളങ്കോവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.