മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് അറുതിയാകുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ. കാലുമാറ്റങ്ങളുടെ തുടർച്ചയായി നാഥയില്ലാതായ പഞ്ചായത്തിൽ വെള്ളിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ഉമ്മർ ഫാറൂക്കിയാണ് വരണാധികാരി. അട്ടിമറികൾ പ്രതീക്ഷിക്കുന്നതിനാൽ അതിജാഗ്രതയിലാണ് ഇരു മുന്നണിയും. പൊലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
തുടർച്ചയായ കൂറുമാറ്റവും കാലുവാരലും ഇവിടെ ഭരണസ്ഥിരത നഷ്ടപ്പെടാനും വികസനം തടസ്സപ്പെടാനും ഇടയാക്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ആകെയുള്ള 21 സീറ്റിൽ 11 എണ്ണം കരസ്ഥമാക്കി യു.ഡി.എഫാണ് ഭരണത്തിലേറിയത്. എന്നാൽ, 2022 ജനുവരിയിൽ കോൺഗ്രസ് അംഗങ്ങളായിരുന്ന പ്രവീണ രവികുമാറും എം. രാജേന്ദ്രനും കാലുമാറി എൽ.ഡി.എഫിൽ എത്തുകയും അവർ ഭരണം പിടിക്കുകയും ചെയ്തതോടെയാണ് രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായത്. പ്രവീണ പ്രസിഡന്റും രാജേന്ദ്രൻ വൈസ് പ്രസിഡന്റുമായി എൽ.ഡി.എഫ് ഭരണം തുടരുന്നതിനിടെ സി.പി.എം അംഗമായിരുന്ന ബാലചന്ദ്രൻ കൂറുമാറി യു.ഡി.എഫിലെത്തി. ഇതോടെ യു.ഡി.എഫിനായി ഭൂരിപക്ഷം.
എന്നാൽ, യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ദിവസം ഭരണസമിതി അംഗത്വം രാജിവെച്ചതായി ബാലചന്ദ്രന്റെ കത്ത് സെക്രട്ടറിക്ക് ലഭിച്ചു. ഇതോടെ പ്രമേയം ചർച്ചക്ക് എടുത്തില്ല.ബാലചന്ദ്രന് അംഗത്വം നഷ്ടമാകുകയും ചെയ്തു. രാജിക്കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനെ തുടർന്ന് കമീഷൻ ഇദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിച്ചു.
ഇതോടെ വീണ്ടും യു.ഡി.എഫിനായി മേൽക്കൈ. ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തയാറെടുക്കുന്നതിനിടെയാണ് ഒരു കോൺഗ്രസ് വനിത അംഗം ഇടത് പാളയത്തിലേക്ക് കൂറുമാറിയതായി അഭ്യൂഹമുണ്ടായത്. ഇവർക്ക് പ്രസിഡന്റ് സ്ഥാനം നൽകി ഭരണം നിലനിർത്താനുള്ള എൽ.ഡി.എഫ് നീക്കത്തിന്റെ ഭാഗമായാണ് രണ്ടാഴ്ച മുമ്പ് പ്രവീണ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
എന്നാൽ, കൂറുമാറിയെന്ന് പറയപ്പെടുന്ന യു.ഡി.എഫ് വനിത അംഗം മനംമാറി തിരിച്ചെത്തിയതായാണ് നിലവിലെ സൂചന. അങ്ങനെയെങ്കിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫിന് ലഭിക്കാം. കൂറുമാറ്റ ഭീഷണിക്ക് ശേഷം മനംമാറ്റമുണ്ടായ അംഗമോ മുൻ പ്രസിഡന്റ് മണിമൊഴിയോ പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.