തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതും വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റംവരുത്തി ഗവർണർക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതുമുൾപ്പെടെയുള്ള മൂന്ന് സർവകലാശാല നിയമഭേദഗതി ബില്ലുകൾക്കുള്ള അനുമതി രാഷ്ട്രപതി ദ്രൗപതി മുർമു തടഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയ വാർത്ത വന്നതിനു പിന്നാലെ, രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി തടഞ്ഞ വിവരമുള്ളത്.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ കഴിഞ്ഞ നവംബർ 28ന് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത്. ഇതിൽ ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകിയപ്പോൾ സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്താനായുള്ള മൂന്ന് ബില്ലുകൾക്ക് അനുമതി തടയുകയായിരുന്നു. അവശേഷിക്കുന്ന മൂന്ന് ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം കാത്തിരിക്കുകയാണെന്നും രാജ്ഭവൻ വാർത്തക്കുറിപ്പിൽ പറയുന്നു. ലോകായുക്ത ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയതോടെ, മന്ത്രിമാരും സി.പി.എം കേന്ദ്രങ്ങളും ഗവർണർക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് മൂന്ന് ബില്ലുകൾ തടഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തി രാജ്ഭവൻ വാർത്തക്കുറിപ്പിറക്കിയത്.
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനും പകരം വിദ്യാഭ്യാസ വിചക്ഷണരെ നിയോഗിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് 2022ലെ രണ്ടാം സർവകലാശാല നിയമഭേദഗതി ബിൽ. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്താനും ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനും സർക്കാറിന് മേൽക്കൈ ഉറപ്പാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2022ലെ മറ്റൊരു നിയമഭേദഗതി ബിൽ. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരത്തിൽനിന്ന് ഗവർണറെയും ഹൈകോടതിയെയും ഒഴിവാക്കി സർക്കാറിന് അധികാരം നൽകുന്നതാണ് 2021ലെ സർവകലാശാല നിയമഭേദഗതി ബിൽ.
ഇതിനുപുറമെ, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് ആറുപേരെ ശാസ്ത്രം, വ്യവസായം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്ന് സർക്കാറിന് നാമനിർദേശം ചെയ്യാൻ അധികാരം നൽകുന്നതാണ് 2021ലെ സർവകലാശാല നിയമഭേദഗതി ബിൽ. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന സഹകരണ സംഘം ഭേദഗതി ബില്ലിൽ ഉൾപ്പെടെയാണ് ഇനി രാഷ്ട്രപതിയുടെ തീരുമാനം വരേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.