ന്യൂഡൽഹി: ഭരണഘടന ശിൽപികൾ തുറന്നുതന്ന പാതയിലൂടെ സഞ്ചരിക്കൽ നമ്മുടെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഏറ്റവും മികച്ച രീതിയിൽ ഭരണഘടന തയാറാക്കിയതിന് ഡോ. ബി.ആർ. അംബേദ്കറോട് രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും. ഭരണഘടനയുടെ ആദ്യ കരട് തയാറാക്കിയ ബി.എൻ. റാവുവിനെയും സ്മരിക്കുന്നു. ഭരണഘടന അസംബ്ലിയിൽ 15 സ്ത്രീകൾ ഉണ്ടായിരുന്നുവെന്നത് ഏറെ അഭിമാനകരമാണെന്നും റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ സമരത്തിലൂടെ കൊളോണിയലിസത്തിൽനിന്ന് മാത്രമല്ല, ഇടുങ്ങിയ ചിന്തകളിൽനിന്ന് കൂടിയാണ് സ്വാതന്ത്ര്യം കിട്ടിയതെന്നും അവർ പറഞ്ഞു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും അടക്കം ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിന് ഏറ്റവും അനുയോജ്യം ജി20 കൂട്ടായ്മയാണെന്ന് ദ്രൗപതി മുർമു പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിൽ കൂടുതൽ തുല്യതയും സുസ്ഥിരതയുമുള്ള ലോകക്രമത്തിനുള്ള പരിശ്രമം ശക്തിപ്പെടുത്താൻ ജി20ന് കഴിയും. ലോകം ഇന്ത്യയെ ബഹുമാനത്തോടെ നോക്കിക്കാണാൻ ആരംഭിച്ചിട്ടുണ്ട്. ലോകതലത്തിൽ ലഭിച്ച ബഹുമാനം പുതിയ അവസരങ്ങൾക്കൊപ്പം ഉത്തരവാദിത്തങ്ങളും നൽകുന്നതായി അവർ പറഞ്ഞു.
ലോക ജനസംഖ്യയുടെ മൂന്നിൽരണ്ടും ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. അതിനാൽതന്നെ ആഗോള വെല്ലുവിളികൾ ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള അനുയോജ്യ ഫോറവും ജി20 ആണ്. ആഗോളതലത്തിൽ താപനില ഉയരുകയാണ്. ആഗോള താപനത്തിന്റെ ദുരിതം ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് ദരിദ്രരാണ്. സൗരോർജം, വൈദ്യുതി വാഹനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.