നിപക്കെതിരെ പ്രതിരോധ കലണ്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപയെ ചെറുക്കാൻ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുക. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍.

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിൽ വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജാഗ്രത ശക്തമാക്കുന്നത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. കോഴിക്കോട്, വയനാട് ജില്ലകളിലാണ് പ്രത്യേകം ശ്രദ്ധയൂന്നുന്നത്. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നിപ പ്രതിരോധത്തിന് വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടല്‍, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദേശം. കാരണം ഉറപ്പുവരുത്തുന്നതിനു മുമ്പ് മരണമുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം.

രോഗ ലക്ഷണങ്ങളില്‍ സംശയമുണ്ടെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ റഫര്‍ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകള്‍ ഓഡിറ്റ് ചെയ്യണം.

മസ്തിഷ്‌ക ജ്വരം കേസുകളില്‍ ഡെത്ത് ഓഡിറ്റ് നടത്തണം. കോഴിക്കോട്ട് ഏറ്റവും അവസാനമുണ്ടായ നിപ ബാധയിൽ കണ്ടെത്തിയ വൈറസുകൾ 97 ശതമാനവും 2018 ലും 2019 ലും 2021 ലുമുണ്ടായതിന് സമാനമാണെന്നാണ് ഐ.സി.എം.ആർ റിപ്പോർട്ട്. നിപ വൈറസിന് ജനിതക വകഭേദമുണ്ടായിട്ടില്ലെന്നാണ് ഇത് അടിവരയിടുന്നത്.

Tags:    
News Summary - Prevention calendar against Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.