സ്വകാര്യബസ് സമരം തുടരുന്നു: പണിമുടക്ക്​ അറിയിച്ചിട്ടില്ലെന്ന്​ മന്ത്രി, നിലപാടിൽ ഉറച്ച്​ സർക്കാർ

തിരുവനന്തപുരം: ബസ്​ചാർജ്​​ വർധന പര്യാപ്​തമല്ലെന്നും വിദ്യാർഥി യാത്രനിരക്ക്​ ഉയർത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബസ്​ സമരം സംസ്​ഥാനത്ത്​ പൂർണം. സ്വകാര്യബസു​കളൊന്നും നിരത്തിലിറങ്ങിയില്ല. അതേ സമയം ബസുകൾ സമരമാരംഭിച്ച കാര്യം അറിയിച്ചി​ട്ടില്ലെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ.

സാധാരണ സമരത്തിന്​ മുന്നോടിയായി കാരണങ്ങൾ ചൂണ്ടിക്കാട്ടി ബസുടമകൾ ഗതാഗത വകുപ്പിന്​ നോട്ടീസ്​ നൽകാറുണ്ട്​. നിരക്ക്​ വർധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം പരിഗണിച്ചാണ്​ മിനിമം നിരക്ക്​ ഉയർത്തിയതടക്കമുള്ള ഭേദഗതികൾ. ബസുടമ​ക​െളയും യാ​ത്രക്കാരെയും കെ.എസ്​.ആർ.ടി.സിയെയും പരിഗണിച്ചാണ്​ നിരക്കുയർത്തിയത്​. ബസുടമകൾക്ക്​ എപ്പോഴും തന്നെ വന്ന്​ കാണാം. സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം, ഒരുവിഭാഗം ബസുടമകൾ വൈകുന്നേരം ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി. എന്നാൽ, തീരുമാനത്തിൽ മാറ്റമില്ലെന്ന്​ മന്ത്രി ഇവരെ അറിയിച്ചു.

സമരം നേരത്തേ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇൗ മാസം ഒമ്പതിന്​ തന്നെ ഫാക്​സ്​ മുഖേന മന്ത്രിയുടെ ഒാഫിസിൽ അറിയിച്ചിട്ടുണ്ടെന്നുമാണ്​ ബസുടമകളുടെ വാദം. ജനുവരി 31 മുതലാണ്​ സമരം ആരംഭിക്കാനിരുന്നത്​. 30ന്​ മുഖ്യമന്ത്രി വിളിച്ച ചർച്ചയുടെ അടിസ്​ഥാനത്തിലാണ്​ സമരം മാറ്റിവെച്ചത്​. രണ്ട്​ മന്ത്രിസഭയോഗങ്ങൾ കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ്​ 16ന്​ സമരമാരംഭിക്കാൻ തീര​ുമാനിച്ചത്​. 14ന്​ സർക്കാർ ഏകപക്ഷീയമായാണ്​ നിരക്ക്​ ഭേദഗതി പ്രഖ്യാപിച്ചത്​. ഇത്​ അംഗീകരിക്കാനാകില്ല. ചർച്ചക്ക്​ വിളിക്കും വരെ സമരം തുടരുമെന്നും ഇവർ പറയുന്നു. 

വിദ്യാർഥികളുടെ യാത്ര നിരക്ക്​ ഉയർത്താതെയുളള ബസ്​ ചാർജ്​​ വർധന തൃപ്​തികരമല്ലെന്നാണ്​ ബസുടമകളുടെ നിലപാട്​. 1.30 ലക്ഷം വിദ്യാർഥിക​െളയാണ്​ കെ.എസ്​.ആർ.ടി.സി പ്രതിദിനം കൊണ്ടുപോകുന്നത്​. ഇതി​​​െൻറ പലമടങ്ങാണ്​ സ്വകാര്യബസുക​െള ആശ്രയിക്കുന്ന​െതന്നും ബസുടമകളുടെ പ്രതിനിധി ലോറൻസ്​ ബാബു ‘മാധ്യമ’ത്തോ​ട്​ പറഞ്ഞു. രണ്ടാം ദിനവും സമരം തുടരാനാണ്​ ഉടമകളുടെ തീരുമാനം. ബസ്​സമരം ഗ്രാമപ്രദേശങ്ങളെ കാര്യമായി ബാധിച്ചു. 14,000 ബസുകളാണ്​ നിരത്തിൽനിന്ന്​ വിട്ടുനിൽക്കുന്നത്​. ഇതി​​​െൻറ ആഘാതം കെ.എസ്​.ആർ.ടി.സിയുടെ സാന്നിധ്യം താരതമ്യേന കുറവുള്ള മലബാർ മേഖലയിൽ രൂക്ഷമാണ്​. സർക്കാർ ഒാഫിസുകളെയും ​വിദ്യാഭ്യാസ സ്​ഥാപനങ്ങളെയുമെല്ലാം ബസ്​ പണിമുടക്ക്​ ബാധിച്ചിട്ടുണ്ട്​. 


 

Tags:    
News Summary - Private bus strike from today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.