കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തും.
കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് രാവിലെ 10.30നാണ് റോഡ് ഷോ തുടങ്ങുക. തുടർന്ന് കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകും. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവരും പങ്കെടുക്കും.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്‍റെ കരുത്തുറ്റ നേതാവായ പ്രിയങ്ക ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി ദേശീയ നേതാക്കളും ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരും വരുംനാളുകളിൽ വയനാട്ടിൽ കേന്ദ്രീകരിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.
2019ലും കഴിഞ്ഞ തവണയും രാഹുലിന്റെ പ്രചാരണത്തിനായി നിരവധി തവണ പ്രിയങ്ക വയനാട്ടിൽ എത്തിയിരുന്നു. ഇത്തവണ സ്ഥാനാർഥിയായി എത്തിയതോടെ പ്രവർത്തകർ ഏറെ ആവേശത്തിലാണ്. 2019ൽ വയനാട്ടിൽ മത്സരിച്ച സഹോദരൻ രാഹുൽ ഗാന്ധി 4,31,770 എന്ന കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പക്ഷേ, കഴിഞ്ഞ തവണ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജ വന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞു. ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് അഞ്ചുലക്ഷത്തിൽ കവിഞ്ഞ ഭൂരിപക്ഷം കിട്ടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
സി.പി.ഐയുടെ സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാര്‍ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നവംബർ 13നാണ് ഉപതെരഞ്ഞെടുപ്പ്. നവംബർ 23ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.