ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി, കരുമാൻകുളം ത്രേസ്യയുടെ വീട്ടിൽ എത്തിയപ്പോൾ

ത്രേസ്യയുടെ വീട്ടിൽ സർപ്രൈസായി പ്രിയങ്ക ഗാന്ധി; കൊന്തയും മധുരവും നൽകി സ്വീകരണം

സുൽത്താൻ ബത്തേരി: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത വരവിൽ ആശ്ചര്യ​പ്പെട്ട് വയനാട്ടിലെ ത്രേസ്യയുടെ കുടുംബം. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക ഗാന്ധിയും സംഘവും എത്തിയത്. കൊന്തയും മധുരവും നൽകി ത്ര്യേസ്യയും കുടുംബവും സ്ഥാനാർഥിയെ സ്വീകരിച്ചു.

സുൽത്താൻ ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. തന്നെ കാണാൻ റോഡരികിൽ കാത്തുനിന്നവരുടെ അരികിലേക്ക് വാഹനത്തിൽനിന്നിറങ്ങി സംസാരിക്കാൻ ചെന്നതായിരുന്നു പ്രിയങ്ക. ആൾക്കൂട്ടത്തിലുണ്ടായിരുന്ന ത്രേസ്യയുടെ മകൻ, തന്റെ അമ്മയ്ക്ക് പ്രിയങ്കയെ കാണാൻ ആഗ്രഹമുണ്ടെന്നറിയിച്ചു. കാലിനു സുഖമില്ലാത്തതിനാൽ അമ്മയ്ക്ക് റോഡിലേക്കിറങ്ങി വന്ന് കാണാൻ കഴിയില്ലെന്നും മകൻ പറഞ്ഞു. ഉടൻ റോഡിൽനിന്ന് 200 മീറ്ററോളം നടന്ന് പ്രിയങ്ക ത്രേസ്യയുടെ വീട്ടിലെത്തി ആഗ്രഹം സഫലമാക്കി.

നേരത്തെ മൈസൂരു വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. മൈസൂരു വിമാനത്താവളത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ബുധനാഴ്ച രാവി​ലെ 10.30ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ​ങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. റോഡ് ഷോക്ക് പിന്നാലെ കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകും.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ മത്സരമായത് കൊണ്ടാണ് ഗാന്ധി കുടുംബം മൊത്തം വയനാട്ടിൽ എത്തുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവരും പരിപാടിയിൽ പ​ങ്കെടുക്കും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍, മോന്‍സ് ജോസഫ്, അബ്ബാസലി ശിഹാബ് തങ്ങള്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കളും റോഡ്ഷോയിൽ പ​ങ്കെടുക്കും.

Tags:    
News Summary - Priyanka Gandhi surprise visit at Thresya's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.