കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക നൽകി. 11.98 കോടിയുടെ സ്വത്താണ് ആകെയുള്ളത്. പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ. മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,78,689 രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി വിപണിയിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയില്‍ അടക്കമുള്ള തുകയാണിത്. രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്.
അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 37,91,47,432 രൂപയാണ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ആസ്തി. പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹി ജന്‍പഥ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ 2,80,000 രൂപയുടെയും യൂകോ ബാങ്കില്‍ 80,000 രൂപയുപടെയും നിക്ഷേപമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കല്പറ്റ ബ്രാഞ്ചിലെ അക്കൗണ്ടില്‍ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
മ്യൂച്ച്വല്‍ ഫണ്ടില്‍ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടില്‍ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭര്‍ത്താവ് സമ്മാനമായി നല്കിയ ഹോണ്ട സി.ആര്.വി കാര്‍ പ്രിയങ്കയുടെ പേരിലാണ്. 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കക്കുണ്ട്. റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.
കൽപറ്റ: കേന്ദ്രസർക്കാർ നടത്തുന്ന വംശീയ വിഭജന രാഷ്ട്രീയത്തെ സ്നേഹംകൊണ്ടും സഹവർത്തിത്വംകൊണ്ടും തോൽപിക്കുമെന്നും ഇതിനുള്ള പോരാട്ടം തുടരുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക കൽപറ്റയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു.
1983ലെ പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി താൻ പ്രചാരണത്തിന് ഇറങ്ങുന്നത്. 32 വർഷങ്ങൾ പിതാവ് രാജീവ് ഗാന്ധിക്കും അമ്മ സോണിയക്കും സഹോദരൻ രാഹുലിനും മറ്റ് സഹപ്രവർത്തകർക്കുമായി തെരഞ്ഞെടുപ്പിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. എന്നാൽ, ഇതാദ്യമായാണ് തനിക്കുവേണ്ടി വയനാട്ടിൽ എഴുന്നേറ്റ് നിൽക്കുന്നത്. ഇതിന് അവസരം നൽകിയ വയനാടിനോട് ഏറെ നന്ദിയുണ്ടെന്ന് അവർ പറഞ്ഞു.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും ജനങ്ങൾ പരസ്പരം സഹായിച്ചു. സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും പോരാട്ടകഥയുള്ള വയനാട്ടിൽനിന്ന് മത്സരിക്കാനാകുന്നത് തനിക്കുള്ള ആദരമായി കണക്കാക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ ദുഷ്ടശക്തികളെല്ലാം ഒരുമിച്ചു നിന്നപ്പോൾ വയനാട്ടിലെ ജനങ്ങൾ കൂടെനിന്നു. സ്നേഹം നൽകി നീതിക്കുവേണ്ടിയുള്ള രാഹുലിന്റെ പോരാട്ടത്തെ തുണച്ചു.
ആ പിന്തുണ ഇനി തനിക്ക് വേണം. രണ്ട് കുട്ടികളുടെ അമ്മയാണ് താൻ. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ എങ്ങനെയാണോ പരിഹരിക്കുക അതുപോലെ വയനാടെന്ന കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം കാണും. രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളജ് അടക്കം ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, വന്യജീവി പ്രശ്നങ്ങൾ തുടങ്ങി വയനാട് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.