പ്രിയ വർഗീസ്

പ്രിയയെ മുന്നിലെത്തിച്ചത് ഉയർന്ന മാർക്ക് ദാനം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രഫസർ നിയമനത്തിന് അക്കാദമിക് സ്കോറിൽ ഏറ്റവും പിറകിലായ പ്രിയാ വർഗീസിനെ ഇന്‍റർവ്യൂവിൽ മുന്നിലെത്തിച്ചത് അഞ്ചിൽ നാല് മാനദണ്ഡങ്ങളിലും ഉയർന്ന സ്കോർ നൽകിയാണെന്ന് രേഖകൾ. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം, അന്തർവൈജ്ഞാനികമായ അറിവ് എന്നിവയിലെ മികവാണ് ഇന്‍റർവ്യൂ മാനദണ്ഡമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ഗവേഷണം ഒഴികെ നാല് മാനദണ്ഡങ്ങളിലും പ്രിയാ വർഗീസിന് വൈസ് ചാൻസലർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി മറ്റ് അഞ്ച് ഉദ്യോഗാർഥികളെക്കാളും മാർക്ക് നൽകി. ഇതുവഴിയാണ് 50ൽ 32 മാർക്ക് ലഭിച്ചത്. ഗവേഷണത്തിന് 10ൽ ആറും പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം എന്നിവയിൽ ഏഴു വീതവും അന്തർവൈജ്ഞാനിക അറിവിൽ അഞ്ചും മാർക്കാണ് നൽകിയത്. 14 വർഷത്തെ കോളജ് അധ്യാപന പരിചയവും 651 റിസർച് സ്കോറുമുള്ള ജോസഫ് സ്കറിയക്ക് ഗവേഷണത്തിൽ മാത്രമാണ് ഉയർന്ന സ്കോർ (ഏഴ് മാർക്ക്) നൽകിയത്.

പ്രസിദ്ധീകരണത്തിൽ ഏഴും അധ്യാപന മികവിൽ അഞ്ചും ഭാഷാ നൈപുണ്യത്തിൽ ഏഴും അന്തർവൈജ്ഞാനിക അറിവിൽ നാലും മാർക്ക് നൽകിയാണ് ജോസഫ് സ്കറിയയെ ഇന്‍റർവ്യൂവിൽ ആകെ 30 മാർക്കോടെ രണ്ടാം റാങ്കിലേക്ക് താഴ്ത്തിയത്. മൂന്നാം റാങ്കിലുള്ള മലയാളം സർവകലാശാല അധ്യാപകൻ സി. ഗണേഷിന് ഗവേഷണത്തിന് അഞ്ചും പ്രസിദ്ധീകരണത്തിന് ഏഴും അധ്യാപന മികവിന് അഞ്ചും ഭാഷാ നൈപുണ്യത്തിന് ഏഴും അന്തർവൈജ്ഞാനിക അറിവിന് നാലും മാർക്ക് കണക്കാക്കി ആകെ 28 മാർക്കുമാണ് നൽകിയത്.

ഇന്‍റർവ്യൂവിൽ പങ്കെടുത്ത എൻ.വി. മുഹമ്മദ് റാഫിക്ക് ആകെ 22 ഉം പി.പി. പ്രകാശന് 26ഉം ഡി. രജികുമാറിന് 21ഉം മാർക്കാണ് നൽകിയത്. ഇവരെല്ലാം ഒന്നാം റാങ്ക് നൽകിയ പ്രിയാ വർഗീസിനെക്കാൾ അക്കാദമിക് സ്കോറുള്ളവരുമാണ്. 2018ൽ മാത്രം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതകളിൽ ഒന്നായ പിഎച്ച്.ഡി ബിരുദം നേടിയ പ്രിയാ വർഗീസിന് ഗവേഷണത്തിന് 10ൽ ആറ് മാർക്ക് നൽകിയതുതന്നെ ഇൻറർവ്യൂ ക്രമക്കേടിന്‍റെ പ്രകടമായ തെളിവായാണ് ചൂണ്ടിക്കാണിക്കുന്നത്. എട്ടു വർഷത്തെ അധ്യാപന പരിചയം തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതകളിലൊന്നാണ്. പ്രിയാ വർഗീസിന്‍റെ ഈ യോഗ്യതയും ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Priya's high mark donation brought her to the front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.