മലപ്പുറം: വിവിധ സാമൂഹിക-കുടുംബ-വ്യക്തി പ്രശ്നങ്ങളുടെ പരിഹാരത്തിനായി പാണക്കാട്ടെത്തുന്നവർക്ക് ആശ്വാസമേകാനായി ആഴ്ചയിൽ ചൊവ്വാഴ്ച ദിനമാണ് ഹൈദരലി തങ്ങൾ മാറ്റിവെച്ചിരുന്നത്. തന്നെ കാണാനെത്തുന്നവർക്കുവേണ്ടി എല്ലാ ചൊവ്വാഴ്ചകളിലും വീട്ടിൽതന്നെയാണുണ്ടായിരുന്നത്.
രാവിലെ മുതൽ സങ്കടങ്ങളുണർത്താനും തർക്കങ്ങൾ പരിഹരിക്കാനും മറ്റുമായി എത്തിയ വിവിധ ജാതി-മതസ്ഥർക്ക് ആശ്വാസ വാക്കുകൾ മാത്രമല്ല, മരുന്നുകളും കുറിച്ചു നൽകിയിരുന്നു. കാലങ്ങളായി ഒട്ടേറെ മനുഷ്യർക്ക് ആശ്വാസത്തിന്റെയും അന്യായങ്ങൾക്കെതിരെ സത്യത്തിന്റെയും 'വിധി'കൾ പുറപ്പെടുവിച്ച പാണക്കാട്ടെ ഈ 'ജീവകാരുണ്യ കോടതി' പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പിതാമഹൻ പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ കാലത്തേ സജീവമായിരുന്നു.
ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനിറങ്ങിയവർക്ക് ആശീർവാദം നൽകിയതിന് 1884ൽ ഹുസൈൻ ശിഹാബ് തങ്ങളെ ബ്രിട്ടീഷ് ഭരണകൂടം തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തി. പ്രവാസത്തിലിരിക്കെ 1885ൽ വെല്ലൂരിൽ മരണപ്പെട്ട അദ്ദേഹത്തെ അവിടെത്തന്നെ മറവുചെയ്യുകയായിരുന്നു.
പിതാവ് പൂക്കോയ തങ്ങളുടെ കാലത്ത് സജീവമായ സംവിധാനം മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് ഏറെ ശ്രദ്ധ നേടി. ഹുസൈൻ ശിഹാബ് തങ്ങൾ വെട്ടിയ ആത്മീയവും രാഷ്ട്രീയവുമായ പാതതന്നെയാണ് ഒരർഥത്തിൽ ഹൈദരലി തങ്ങളടക്കമുള്ള പിൻതലമുറ പിന്തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.